padma

ഇലന്തൂർ: 'നിന്റെ കല്യാണം കൂടി എത്രയും വേഗം ഒന്ന് നടത്തണം', ടി സി എസിൽ എഞ്ചിനീയറായ മകനോട് പത്മ പറഞ്ഞ വാക്കുകളാണിത്. ഇത് അമ്മയുടെ അവസാന വാക്കാവുമെന്ന് പത്മത്തിന്റെ മകൻ സെൽവനും വിചാരിച്ചിരുന്നില്ല. മകനെ പഠിപ്പിച്ച് എഞ്ചിനീയറാക്കിയ പത്മത്തിന്റെ വലിയ ആഗ്രഹമായിരുന്നു 28കാരനായ ഇളയ മകന്റെ വിവാഹം.

പത്മത്തിന്റെ മൂത്ത മകൻ സേട്ടു തമിഴ്നാട്ടിലെ ഒരു സർക്കാ‌ർ പോളിടെക്നിക് കോളേജിൽ അദ്ധ്യാപകനായി ചേരേണ്ട ദിവസമായിരുന്നു അമ്മ കൊല്ലപ്പെട്ടെന്ന വാർത്ത അറിയുന്നത്. ഒരു സ്വകാര്യ സ്കൂളിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്ന സേട്ടു വിവാഹിതനാണ്. രണ്ട് മക്കളുമുണ്ട്.

പത്മത്തിന്റെ കൊലപാതക വാർത്ത് ആ കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചു. വിവരമറിഞ്ഞയുടൻ മകൻ സെൽവരാജ്, അനുജത്തി പളനിയമ്മ, ബന്ധുക്കളായ കൃഷ്ണൻ, രാമു, മുനിയപ്പൻ എന്നിവരാണ് കൊച്ചിയിൽ നിന്നെത്തിയത്. പളനിയമ്മ ഒഴികെയുള്ളവരെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കുന്ന സ്ഥലത്ത് എത്തിച്ചിരുന്നു.