
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്ക് വേണ്ടി അഡ്വ. ബി എ ആളൂർ ഹാജരാകും. ദുർമന്ത്രവാദിയായ പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവർക്ക് വേണ്ടിയാണ് ആളൂർ ഹാജരാകുന്നത്.
' സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. പ്രതികൾക്ക് വേണ്ടി ഹാജരാകും. ദമ്പതികൾക്ക് വേണ്ടി ഹാജരാകണമെന്നും പറഞ്ഞാണ് ആദ്യം എന്നെ സമീപിച്ചത്. ഇപ്പോൾ മൂന്ന് പേർക്കും വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മൂന്ന് പേർക്കുംവേണ്ടി ഹാജരാകും.'- അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മൂന്ന് പ്രതികളെയും കോടതിയിൽ എത്തിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് പത്ത് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. വേറെ ആരെയെങ്കിലും ഇത്തരത്തിൽ നരബലി നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.