sreepadmanabha-swamy-temp

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ബൊള്ളാഡുകളും ബ്ളോക്കറുകളും തകരാറിലായത് സുരക്ഷാക്രമീകരണങ്ങൾക്ക് വെല്ലുവിളിയാകുന്നു. ക്ഷേത്രത്തിന്റെ നിലവറകളിൽ ലക്ഷം കോടികളുടെ അമൂല്യ നിധിശേഖരം കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രസുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഇലക്ട്രോ ഹൈഡ്രോളിക് ബൊള്ളാഡുകളും ഷോർട്ട് വെർട്ടിക്കൽ പോസ്റ്റുകൾ, റോഡ് ബ്ളോക്കറുകൾ എന്നിവയുമാണ് തകരാറിലായത്.

2015ലാണ് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവ സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ നാല് നടകളിൽ നിന്നുള്ള പ്രധാനറോഡുകളിലാണ് ബൊള്ളാഡുകളും ബ്ളോക്കറുകളും സ്ഥാപിച്ചിരുന്നത്. ക്ഷേത്രത്തിന്റെ സെക്യൂരിറ്റി കൺട്രോൾ റൂമിൽ സ്ഥാപിച്ചിട്ടുള്ള സ്വിച്ചിലാണ് ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. സ്വിച്ച് ഓണാക്കിയാലുടൻ തറനിരപ്പിൽ നിന്ന് മുകളിലേക്ക് പൊന്തിവരുന്ന ഇവയ്‌ക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ പാഞ്ഞുവരുന്ന വാഹനം തടഞ്ഞുനിറുത്താനും 1000 കിലോ വരെ ഭാരം വഹിക്കാനും ശേഷിയുണ്ട്. സ്‌ഫോടക വസ്‌തുക്കൾ നിറച്ചതോ അല്ലാത്തതോ ആയ വാഹനങ്ങളുടെ കടന്നുവരവ് തടയുകയായിരുന്നു ലക്ഷ്യം.

ബൊള്ളാഡുകൾക്കും ബ്ളോക്കറുകൾക്കുമായി കോടികളാണ് ചെലവഴിച്ചത്. മൂന്ന് വർഷത്തെ ഗാരന്റി കാലാവധിക്ക് ശേഷവും അവ ഏറെക്കാലം പ്രവ‌ർത്തിച്ചെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവ ഒന്നൊന്നായി പ്രവർത്തന രഹിതമാകുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ ബാരിക്കേഡുകൾ സ്ഥാപിച്ച് ടെമ്പിൾ പൊലീസ് ബദൽ സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും അവ അത്ര ശക്തമല്ല. ഗാരന്റി കാലാവധി അവസാനിച്ചതിനാൽ കമ്പനികൾക്ക് ഇവയുടെ തകരാ‌ർ സൗജന്യമായി പരിഹരിച്ച് നൽകാൻ കഴിയില്ല. അറ്റകുറ്റപ്പണി നടത്താൻ ടെൻഡർ ക്ഷണിച്ച് കാത്തിരിക്കുകയാണ് ടെമ്പിൾ പൊലീസ്.

സ്‌പീഡ് ഫോൾഡിംഗ് ഡോറുകൾക്കും തകരാർ

ക്ഷേത്രത്തിനുള്ളിലും കവർച്ചയും അതിക്രമിച്ച് കടക്കലും തടയുന്നതിനായി കവാടങ്ങളിൽ സ്ഥാപിച്ച സ്‌പീഡ് ഫോൾഡിംഗ് ഡോറുകളും തകരാറിലാണ്. സ്വിച്ചിടുമ്പോൾ മിന്നൽ വേഗത്തിൽ അടയുന്ന ലോഹ കതകുകളാണ് ഇടയ്‌ക്കിടെ തകരാറിലാകുന്നത്. പ്രമുഖ കമ്പനി സ്ഥാപിച്ച ഡോറുകൾ ഇതിനകം പലതവണ റിപ്പയറിംഗിന് വിധേയമാക്കിയിട്ടുണ്ട്.

കാമറകളും പ്രവർത്തനരഹിതം

ക്ഷേത്രത്തിൽ സുരക്ഷാ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച 65 കാമറകൾ പ്രവർത്തന രഹിതമാണ്. കാമറകളും നിരീക്ഷണത്തിനായുള്ള സ്ക്രീനുകൾക്കുമാണ് തകരാർ. സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 90ഓളം കാമറകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

സുരക്ഷ വെല്ലുവിളി

ടൂറിസ്റ്റ് സീസൺ ആരംഭിക്കുകയും മണ്ഡലകാലം വരാനിരിക്കുകയും ചെയ്യുന്നതോടെ വരും മാസങ്ങളിൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കുണ്ടാകും. ഈ സമയത്ത് സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ പോരായ്‌മകൾ പൊലീസിന് കടുത്ത വെല്ലുവിളിയാകും.

'ബൊള്ളാഡുകളുടെയും ബ്ളോക്കറുകളുടെയും തകരാർ പരിഹരിക്കാൻ പൊലീസ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിദഗ്ദ്ധരായ കമ്പനികളുടെ സേവനം ലഭ്യമായാൽ പ്രശ്‌നം ഉടൻ പരിഹരിക്കാൻ കഴിയും. യന്ത്ര സംവിധാനങ്ങളുടെ പോരായ്‌മ കണക്കിലെടുത്ത് ക്ഷേത്രത്തിലും പരിസരത്തും പൊലീസിന്റെ നിരീക്ഷണവും സുരക്ഷാനടപടികളും ശക്തമാക്കിയിട്ടുണ്ട്'.

അജിത്, ഡെപ്യൂട്ടി കമ്മിഷണർ, ടെമ്പിൾ പൊലീസ്