
സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദ്ധാനം നൽകിയുള്ള പീഡനങ്ങളും, പണം തട്ടിയെടുക്കലുമെല്ലാം ഇപ്പോൾ സർവ സാധാരണമാണ്. എന്നാൽ ബഹിരാകാശ ജീവിയും സ്ത്രീയിൽ നിന്നും പണം തട്ടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള ചെലവിലേക്കായാണ് ജപ്പാൻകാരിയായ അറുപത്തിയഞ്ചുകാരിയെ ബഹിരാകാശ ജീവിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയയാൾ കബളിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് റഷ്യക്കാരനായ പ്രതി തട്ടിപ്പ് നടത്തിയത്.
താൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നുവെന്ന് പറഞ്ഞാണ് ഇയാൾ ജപ്പാൻകാരിയെ പരിചയപ്പെട്ടത്. ഇവരെ വിശ്വസിപ്പിക്കുന്നതിനായി ബഹിരാകാശത്തെ ചിത്രങ്ങളും അയച്ചു കൊടുത്തു. താമസിയാതെ ഇയാൾ വൃദ്ധയോട് വിവാഹ വാഗ്ദ്ധാനം നടത്തി. നാല് മാസത്തോളം ദിവസവും ചാറ്റ് ചെയ്ത ശേഷമാണ് വിവാഹ വാഗ്ദ്ധാനം നൽകിയത്. തുടർന്ന് ഭൂമിയിലേക്ക് മടങ്ങാൻ തനിക്ക് 4.4 ദശലക്ഷം യെൻ ആവശ്യമാണെന്ന് അറിയിച്ചു. ജപ്പാനിലേക്ക് തിരികെ വരുന്നതിനുള്ള റോക്കറ്റിന്റെ ചെലവിലേക്കായിട്ടാണ് തുകയെന്നാണ് വിശദീകരിച്ചത്. ലാൻഡിംഗ് ഫീസിനായി കഴിഞ്ഞ ഓഗസ്റ്റ് 19 നും സെപ്തംബർ അഞ്ചിനും ഇടയിൽ അഞ്ച് ഗഡുക്കളായി ജപ്പാൻകാരി പണം അയച്ചു. എന്നാൽ തട്ടിപ്പുകാരൻ വീണ്ടും പണം ആവശ്യപ്പെട്ടതോടെ താൻ കബളിപ്പിക്കപ്പെടുകയാണെന്ന് ബോദ്ധ്യമായ സ്ത്രീ പരാതി നൽകുകയായിരുന്നു.