padma

കൊച്ചി: ഇലന്തൂരിൽ നരബലിക്കിരയായ പദ്മ താമസിച്ചിരുന്ന വാടകമുറിയിൽ നിന്ന് 57,200 രൂപ കണ്ടെടുത്തു. കിടക്കയുടെ അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. വൈറ്റില എളംകുളം ഫാത്തിമ മാതാ റോഡിൽ പള്ളിയുടെ എതിർവശത്ത് ഷീറ്റിട്ട പഴയ കെട്ടിടത്തിലായിരുന്നു താമസം.

ടോയ്ലറ്റ് പോലുമില്ലാത്ത ഒറ്റമുറിയിലാണ് പദ്മ താമസിച്ചിരുന്നത്. നിന്നുതിരിയാൻ സ്ഥലമില്ല. ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം പോലും ഇല്ല. വാടകയായ 3,000 രൂപ കൃത്യമായി നൽകിയിരുന്നു. അടുത്ത മുറികളിൽ താമസിക്കുന്നവരുമായി യാതൊരു ബന്ധവും ഇവർക്കുണ്ടായിരുന്നില്ല.

എറണാകുളം ഷേണായീസ് തിയേറ്റർ, ചിറ്റൂർ റോഡിലെ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പദ്മ ലോട്ടറി വിറ്റിരുന്നത്. രാവിലെ ഇറങ്ങും. രാത്രിയാണ് തിരിച്ചെത്തുക. സേലത്തിന് സമീപം ധർമ്മപുരി സ്വദേശിനിയായ ഇവർ വർഷങ്ങൾക്ക് മുമ്പ് തൊഴിൽ തേടി എത്തിയതാണ്.

സഹോദരിയും മകൻ ശെൽവരാജനും വല്ലപ്പോഴും സന്ദർശിക്കാനെത്തിയിരുന്നതായി നഗരസഭാ കൗൺസിലർ ആന്റണി പൈനുതറ പറഞ്ഞു. ദിവസവും അമ്മ ഫോൺ വിളിക്കുമായിരുന്നെന്ന് മകൻ ശെൽവരാജൻ പറഞ്ഞു. കഴിഞ്ഞ 26നാണ് ഒടുവിൽ വിളിച്ചത്. പിറ്റേന്ന് വിളിച്ചില്ല. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. ഫോൺ സ്വിച്ച് ഓഫായിരുന്നു. കൊച്ചിയിലെത്തി ലോട്ടറി വിൽക്കുന്ന സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കടവന്ത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു.

പദ്മ ആറ് പവന്റെ മാല ധരിച്ചിരുന്നുവെന്നും ഇത് തട്ടിയെടുക്കാൻ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതിയതെന്നും സഹോദരി പറഞ്ഞു.