police-bus-accident-

പട്ന : ബീഹാറിൽ പൊലീസുകാർ സഞ്ചരിച്ച ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർ കൊല്ലപ്പെട്ടു. ബീഹാറിലെ ചപ്ര - സിവാൻ ഹൈവേയിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ജയ് പ്രകാശ് നാരായൺന്റെ 120-ാം ജന്മവാർഷിക ആഘോഷത്തിൽ സുരക്ഷാ ചുമതലയ്ക്ക് നിയോഗിക്കപ്പെട്ട് മടങ്ങുകയായിരുന്ന പൊലീസുകാരായിരുന്നു ബസിലുണ്ടായിരുന്നത്.

കൂട്ടിയിടിച്ച ബൈക്ക് ബസിൽ കുരുങ്ങുകയായിരുന്നു, ഇതേതുടർന്ന് 90 മീറ്ററോളം വാഹനത്തെ ബസ് വലിച്ചിഴച്ചു. ഇതിനിടയിൽ ഇന്ധന ടാങ്ക് പൊട്ടി തീപടർന്നു. ഇതിനിടെ അപകടത്തിൽപ്പെട്ട ഒരാളുടെ ശരീരത്തിൽ തീപിടിച്ചു. ബസിനടിയിൽ തീ പടരുന്നത് കണ്ട പൊലീസുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ബെക്ക് യാത്രികൻ ജീവനോടെ കത്തുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. വീഡിയോയിൽ സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ട ബൈക്ക് യാത്രികരായ മറ്റു രണ്ടുപേരുടെ മൃതദേഹവും റോഡിൽ കാണാം.