
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി ഭഗവൽ സിംഗെന്ന പേരിൽ തന്റെ പിതാവിന്റെ ചിത്രം പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി വിദ്യാർത്ഥി. സമൂഹമാദ്ധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ പരാതി നൽകുമെന്ന് പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥി ഗോകുൽ പ്രസന്നൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭഗവൽ സിംഗിന് സിപിഎം ബന്ധം ആരോപിക്കുന്നതിന് വേണ്ടിയാണ് ഗോകുലിന്റെ പിതാവും സിപിഎം ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗമായ പി കെ പ്രസന്നനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പ്രസന്നൻ പങ്കെടുത്തിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടക്കുന്നതെന്ന് ഗോകുൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ പിതാവും സിപിഐഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെ എസ് ടി എയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആയ പി കെ പ്രസന്നൻ, കഴിഞ്ഞ ദിവസം സഖാവ് കോടിയേരി അനുസ്മരണം സിപിഐ(എം) ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതിൽ എൻറെ പിതാവും ഉണ്ടായിരുന്നു.അതാണ് ഭഗവത് സിംഗ് എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽപ്പേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈര്യജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്ട കേസ് നൽകുന്നതാണ്.