vehicle

തിരുവനന്തപുരം: ഭാരത് വാഹന രജിസ്‌ട്രേഷൻ (ബി.എച്ച്.) പഴയ വാഹനങ്ങൾക്കും ലഭിക്കും. നിലവിൽ ബി.എച്ച് രജിസ്ട്രേഷൻ വാഹനങ്ങൾ ഉള്ളവർക്ക് അത് കൈമാറാമെന്നും കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിൽ പറയുന്നു. ബി.എച്ച് രജിസ്ട്രേഷൻ നടപ്പാക്കിയിട്ടും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതി നഷ്ടം ചൂണ്ടിക്കാട്ടി നടപ്പാക്കാതിരിക്കെയാണ് കേന്ദ്രം നടപടികൾ ലളിതമാക്കുന്നത്.

ബി.എച്ച് രജിസ്‌ട്രേഷന് അർഹതയുള്ളവർക്ക് ഏത് സംസ്ഥാനത്ത് രജിസ്റ്റ‌ർ ചെയ്ത വാഹനവും ബി.എച്ച്. രജിസ്ട്രേഷനിലേക്ക് മാറ്റാം. താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്‌ട്രേഷൻ മാറ്റത്തിന് അപേക്ഷിക്കാം.

ഒന്നിലേറെ സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്കും നാലു സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും ഈ സൗകര്യം ഉപയോഗിക്കാം.

നിലവിൽ പുതിയ വാഹനങ്ങൾക്ക് മാത്രമാണ് ബി.എച്ച്. രജിസ്‌ട്രേഷൻ. ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്നവർക്ക് വ്യത്യസ്ത രജിസ്‌ട്രേഷൻ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ബി.എച്ച്. രജിസ്‌ട്രേഷൻ. ഇതിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാൻ വ്യവസ്ഥയില്ലായിരുന്നു. ഇപ്പോൾ അർഹതയുള്ളവർ വാങ്ങിയാലേ ബി.എച്ച്. രജിസ്‌ട്രേഷൻ നിലനിർത്താനാവൂ. ഇതിനുള്ള സാക്ഷ്യപത്രവും വിജ്ഞാപനത്തിലുണ്ട്.

18 സംസ്ഥാനങ്ങൾ നടപ്പാക്കി,​ മുഖം തിരിച്ച് കേരളം

2021 ആഗസ്റ്റ് 28നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബി.എച്ച് രജിസ്ട്രേഷൻ നിയമം കൊണ്ടുവന്നത്. സെപ്തംബർ 15ന് രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം ഒഡിഷയും പിന്നാലെ തമിഴ്നാട് ,​ കർണ്ണാടകം ഉൾപ്പെടെ 18 സംസ്ഥാനങ്ങളും നടപ്പാക്കി. ബി.എച്ച് രജിസ്ട്രേഷൻ താത്കാലികമായി നിറുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ കത്ത് കേന്ദ്രം നിരസിച്ചിരുന്നു.

ഭാരത് സീരീസ് രജിസ്ട്രേഷൻ നൽകണമെന്ന് ഹൈക്കോടതി മാർച്ച് 29ൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് പാലിക്കാത്തതിനെ തുടർന്ന് മേയ് 17നകം നടപ്പാക്കണമെന്നും ഉത്തരവിട്ടിരുന്നു.