djinn

മുംബയ് : വീട്ടിൽ നിന്ന് തുടർച്ചയായി ആഭരണങ്ങളും പണവും കാണാതായിട്ട് ജിന്ന് എന്ന് കരുതി കേസ് കൊടുക്കാതെ ഉടമകൾ. അബ്ദുൾകാഖർ ഷബീർ ഘോഘവാല എന്ന വ്യവസായിയുടെ വീട്ടിൽ നിന്ന് മാസങ്ങളായി ആഭരങ്ങൾ നഷ്ടമായിട്ടും അദ്ദേഹം പൊലീസിനെ അറിയിച്ചില്ല. പകരം ജിന്നാണ് ആഭരണങ്ങൾ എടുക്കുന്നതെന്ന് കരുതി.ഒടുവിൽ സെപ്തംബറിൽ ആഭരണങ്ങൾക്കൊപ്പം വൻ തുകയും കാണാതായപ്പോഴാണ് ജിന്നുകൾ പണം മോഷ്ടിക്കില്ല എന്ന് പറഞ്ഞ് പൊലീസിന് പരാതി നൽകിയത്. അപ്പോഴേക്കും 40 ലക്ഷം രൂപയിലധികം വിലവരുന്ന ആഭരണങ്ങളും പണവും മോഷണം പോയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ദിവസങ്ങൾക്കകം പ്രതിയെ കണ്ടെത്തി. ഇയാളുടെ 12 വയസുള്ള അനന്തരവൾ ആയിരുന്നു ആഭരണങ്ങളും പണവും മോഷ്ടിച്ചത്.

സൂറത്തിലുള്ള സഹോദരൻ പറഞ്ഞിട്ടാണ് മോഷണം നടത്തിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സഹോദരനെയും ഒപ്പം കൂട്ടുനിന്ന രണ്ട് സുഹൃത്തുകളെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 40.18 ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും കേസിൽ പെൺകുട്ടിയുടെ പങ്ക് ബോദ്ധ്യപ്പെട്ടതിന് ശേഷം ജുവനെെൽ ജസ്റ്റിസ് ബോർഡിന് വിശദമായ റിപ്പോർട്ട് അയക്കുമെന്നും പൊലീസ് അറിയിച്ചു.