donkey-

ഗുണ്ടൂർ: രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും കഴുത ഇറച്ചിയ്ക്ക് പൊന്നും വില നൽകി വാങ്ങാൻ ആളുകൾ തയ്യാറാണ്. പുരുഷത്വം വർദ്ധിക്കുമെന്നും, ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾക്കുള്ള മരുന്നാണെന്നും പ്രചരിപ്പിച്ചാണ് ഉയർന്ന വിലയ്ക്ക് കഴുത ഇറച്ചി വിൽക്കുന്നത്. ഇതിന് പിന്നിൽ റാക്കറ്റുകൾ പ്രവർത്തിക്കുന്നുമുണ്ട്.
ആന്ധ്രാപ്രദേശിൽ 400 കിലോഗ്രാം കഴുത ഇറച്ചിയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കഴുത ഇറച്ചി കിലോയ്ക്ക് 700 രൂപയ്ക്കാണ് സംഘം വിൽപന നടത്തിയിരുന്നത്.

അനിമൽ റെസ്‌ക്യൂ ഓർഗനൈസേഷൻ, ഹെൽപ്പ് ഫോർ അനിമൽസ് സൊസൈറ്റി, ഈസ്റ്റ് ഗോദാവരി എസ്പി എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബപട്ല ജില്ലയിലെ നാലിടങ്ങളിൽ നിന്നായി പതിനൊന്നോളം പേരെയാണ് കഴുത ഇറച്ചിക്കടത്തിന് പിടികൂടിയത്. ഉസിലിപ്പേട്ടയിലെ രണ്ട് സ്ഥലങ്ങളിലും വേട്ടപ്പാലം, ചീരാല എന്നീ മേഖലകളിലും നടന്ന റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.

2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രാജ്യത്ത് കഴുതയുടെ മാംസം കഴിക്കുന്നത് നിയമവിരുദ്ധമാണ്. കഴുതയെ കശാപ്പ് ചെയ്യുന്നത് അഞ്ച് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കഴുതയെ കശാപ്പ് ചെയ്യുന്നുണ്ട്. അടുത്തിടെ അനധികൃത കശാപ്പ് മൂലം രാജ്യത്ത് കഴുതകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ, കൃഷ്ണ, പശ്ചിമ ഗോദാവരി ജില്ലകളിൽ കഴുത ഇറച്ചി വാങ്ങുന്നവർ നിരവധിയാണ്. ആസ്ത്മ ഉൾപ്പെടെയുള്ള ശ്വാസതടസം മാറുമെന്നും പുരുഷത്വം വർദ്ധിപ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നതാണ് കാരണം. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് മൃഗങ്ങളെ അനധികൃതമായി ഇവിടേയ്ക്ക് കൊണ്ടുവരുന്നത്.