പൊറോട്ടയും ചില്ലി ചിക്കനും എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും അല്ലേ? മലയാളികളുടെ ഏറ്റവും ഫേവറൈറ്റ് കോംബോകളിലൊന്നാണിത്. ചില്ലി ചിക്കന്റെ തനതായ രുചിയിലും രൂപത്തിലും ഇപ്പോൾ പലവിധ മാറ്റങ്ങൾ കാണാറുണ്ട് പലയിടത്തും. എന്നാൽ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മലയാളികൾക്ക് ഇതൊരു പ്രശ്നമേയല്ല. അത്തരത്തിൽ ഒരു വ്യത്യസ്ത രുചിയുള്ള ചില്ലി ചിക്കനുമായി ഇത്തവണ സോൾട്ട് ആന്റ് പെപ്പറിൽ എത്തിയിരിക്കുന്നത് പ്രിയപ്പെട്ട ഗായിക അഖില ആനന്ദാണ്. ആന്ദ്രാ ചില്ലി ചിക്കൻക്കറിയുടെ രുചിക്കൂട്ട് എന്താണെന്ന് നോക്കാം.

മൂന്ന് സവാള ചെറുതായി അരിഞ്ഞത്, തക്കാളി ചെറുതായി അരിഞ്ഞത്, പച്ചമുളക് വട്ടത്തിൽ ചെറുതായി അരിഞ്ഞത്, ചെറിയ ഉള്ളി, ഇഞ്ചി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി നാലോ അഞ്ചോ അല്ലി ചെറിയ കഷ്ണങ്ങളാക്കിയത്, മല്ലിയില, കറിവേപ്പില, ഉപ്പ്, മുളകുപൊടി, കറുവാപ്പട്ട, ജീരകം, ഗരംമസാല, മല്ലിപ്പൊടി, തേങ്ങാപ്പാൽ, ചിക്കൻ എന്നിവയാണ് ആന്ദ്രാ ചില്ലി ചിക്കൻ കറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

food

പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക്, ചെറിയ ഉള്ളി എന്നിവ വഴറ്റിയെടുത്ത് മാറ്റിവയ്ക്കണം. അടുത്തതായി പാനിൽ എണ്ണ ഒഴിച്ച് കുറച്ച് ജീരകം, കറുവാപ്പട്ട എന്നിവ ചൂടാക്കിയെടുക്കണം. ഇത് നന്നായി ചൂടായിവരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റണം. ശേഷം സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കണം. സവാള മൂത്തുവരുമ്പോൾ തക്കാളി ചേർത്ത് ഇളക്കിയെടുക്കാം. ഇനി ഇതിലേയ്ക്ക് അര സ്‌പൂൺ മഞ്ഞൾപ്പൊടി, ഒന്നര സ്‌പൂൺ മുളകുപൊടി, ഒന്നര സ്‌പൂൺ മല്ലിപ്പൊടി, ഒന്നര സ്‌പൂൺ ഗരംമസാല എന്നിവ ചേർക്കാം. ഇതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങളാക്കിയതുകൂടി ചേർത്ത് കുറച്ച് നേരം അടച്ചുവച്ച് വേവിക്കണം. ചിക്കൻ നന്നായി വെന്തുകഴിയുമ്പോൾ മല്ലിയില, കറിവേപ്പില, പുതിനയില എന്നിവ പേസ്റ്റ് രൂപത്തിലാക്കിയത് ചേർത്തുകൊടുക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ കൂടി ചേർത്ത് കുറച്ച് നേരം ചെറുതീയിൽ വച്ച് വേവിച്ചുകഴിഞ്ഞാൽ ആന്ദ്രാ ചില്ലി ചിക്കൻ കറി തയ്യാർ.