bhagaval-singh

പത്തനംതിട്ട: ഇലന്തൂർ ഇരട്ട കൊലപാതക കേസിലെ പ്രതി ഭഗവൽ സിംഗ് പാർട്ടി സഹയാത്രികനായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്. ചുമതലകളൊന്നും ഇല്ലായിരുന്നെങ്കിലും പാർട്ടി പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികളുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടതായും പി ആർ പ്രദീപ് പറഞ്ഞു.

ഐശ്വര്യം ലഭിക്കാനെന്ന പേരിലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം(52), ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി(49) എന്നിവരെ ഇലന്തൂരിൽ എത്തിച്ച് നരബലി നടത്തിയത്. ഭഗവൽ സിംഗിന്റെ വീടിന് സമീപം നാല് കുഴികളിലായാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കൊലപാതകത്തിന് മുമ്പ് സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കടബാദ്ധ്യതകൾ മാറി സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനാണ് നരബലി നടത്തിയതെന്നും പൊലീസ് അറിയിച്ചു. ഭഗവൽ സിംഗിന്റെ വീട്ടിൽ വച്ച് തന്നെയാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച് ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളാണെന്ന് എറണാകുളം സിറ്റി കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.