k-sudhakaran-eldos-kunnap

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ‌്ക്കെതിരെ അദ്ധ്യാപിക നൽകിയ പീഡനപരാതിയിൽ പ്രതികരണവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. തെറ്റുകാരനെന്ന് കണ്ടാൽ കർശന നടപടി സ്വീകരിച്ച് പാർട്ടിയിയിൽ നിന്ന് പുറത്താക്കുമെന്ന് സുധാകരൻ വ്യക്തമാക്കി.

അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോൺഗ്രസ് വയ്‌ക്കില്ല. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണത്തിന്റെ ഉത്തരം കിട്ടിയാൽ കേസിനെ ആസ്‌പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.

അതേസമയം, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ തന്റെ വീട്ടിൽ മദ്യപിച്ചെത്തി മർദിച്ചെന്ന് പരാതിക്കാരി മാദ്ധ്യങ്ങളോട് വെളിപ്പെടുത്തി. കോവളത്ത് വച്ച് മർദിച്ചപ്പോൾ പൊലീസിനോട് ഭാര്യയാണെന്ന് പറഞ്ഞതായും യുവതി പറഞ്ഞു. 'കഴിഞ്ഞ മാസം 14-ാം തീയതിയാണ് എംഎൽഎ കോവളത്തുവച്ച് ഉപദ്രവിച്ചത്. ഇത് കണ്ടുനിന്ന നാട്ടുകാർ പൊലീസിനെ വിളിച്ചറിയിച്ചു. അതിന് ശേഷം പൊലീസിനോട് താൻ എംഎൽഎ ആണെന്നും, ഞാൻ ഭാര്യയാണെന്നും പറഞ്ഞു. വീണ്ടും വീട്ടിലെത്തി എന്നെ ഉപദ്രവിച്ചു. ശേഷം എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയതെന്നും അദ്ധ്യാപിക ആരോപിച്ചു.

തട്ടിക്കൊണ്ടുപോകൽ,​ ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോവളം പൊലീസ് എംഎൽഎയ‌്ക്കെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 362 (ബലമായി കടത്തിക്കൊണ്ടുപോകൽ)​,​ 323(ആഘാതമേൽപ്പിക്കൽ)​, 354 (സ്ത്രീത്വത്തെ അപമാനിക്കൽ)​ 506 (കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ)​ 34 (സംഘംചേരൽ)​ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.