cricket

മുംബയ് : ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ റിസർവ് ലിസ്റ്റിലുണ്ടായിരുന്ന പേസർ ദീപക് ചഹർ പരിക്ക് ഭേദമാകാത്തതിനാൽ പുറത്തായി. ഇതോടെ റിസർവ് ലിസ്റ്റിലുണ്ടായിരുന്ന ശ്രേയസ് അയ്യർ,രവി ബിഷ്ണോയ്,ചഹർ എന്നിവർക്ക് പകരം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ തുടങ്ങിയവർ ഇന്ന് ഓസ്ട്രേലിയയിലേക്കു തിരിക്കും. ടീമിലുണ്ടായിരുന്ന പേസർ ബുംറയ്ക്ക് പരിക്കേറ്റതോടെയാണ് പകരക്കാരുടെ ലിസ്റ്റിലും മാറ്റം വരുത്തിയിരിക്കുന്നത്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റിനു ശേഷമായിരിക്കും ഷമി ഓസ്ട്രേലിയയിലേക്കു തിരിക്കുക. ബുംറയ്ക്കു പകരം ഷമി ലോകകപ്പ് ടീമിലെത്തിയേക്കും.കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വന്റി20 പരമ്പരകൾ ഷമിക്കു നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സിറാജും ലോകകപ്പ് കളിക്കാൻ സാധ്യതയുണ്ട്. മൂന്ന് മത്സരങ്ങളിൽനിന്ന് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.