angela

ലോസ്ആഞ്ചലസ്: ഐറിഷ് - ബ്രിട്ടീഷ് - അമേരിക്കൻ നടിയും ഗായികയുമായ ആഞ്ചല ലാൻസ്‌ബെറി (96) അന്തരിച്ചു. ചൊവ്വാഴ്ച ലോസ്ആഞ്ചലസിലെ വസതിയിൽ ഉറക്കത്തിനിടെയായിരുന്നു മരണം. ഒക്ടോബർ 16ന് 97-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. ബ്രിട്ടനിൽ ജനിച്ച ആഞ്ചല 1940കളിൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ആഞ്ചലയുടെ ഭർത്താവും ഇംഗ്ലീഷ് നടനുമായ പീറ്റർ ഷാ 2003ൽ അന്തരിച്ചു. അമേരിക്കൻ നടൻ റിച്ചാർഡ് ക്രോംവെൽ മുൻ ഭർത്താവാണ്. ആന്റണി, ഡിയെഡ്ര, ഡേവിഡ് എന്നിവർ മക്കളാണ്.

ഏഴ് പതിറ്റാണ്ടിനിടെ നിരവധി സിനിമ, ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും അഭിനയിച്ച ആഞ്ചല അമേരിക്കൻ ക്രൈം ടെലിവിഷൻ സീരീസായ ' മർഡർ, ഷീ റോട്ടി"ലൂടെയാണ് ലോകശ്രദ്ധനേടിയത്. മൂന്ന് തവണ മികച്ച സഹനടിക്കുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്. 2013ൽ ഓണററി ഓസ്‌കാർ ലഭിച്ചു.

ദ പിക്ചർ ഒഫ് ഡോറിയൻ ഗ്രേ, ദ ത്രീ മസ്‌കിറ്റിയേഴ്സ്, ദ മഞ്ചൂരിയൻ കാൻഡിഡേറ്റ്, ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ റ്റോൾഡ്, ഡെത്ത് ഓൺ ദ നൈൽ, ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്, നാനി മക്ഫീ, മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ്, മേരി പോപ്പിൻസ് റിട്ടേൺസ്, ഗ്ലാസ് ഒനിയൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.