inflation

 സെപ്തംബറിൽ റീട്ടെയിൽ നാണയപ്പെരുപ്പം 7.41%

കൊച്ചി: രാജ്യത്ത് അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണാതീതമായി കുതിച്ചുയരുന്നുവെന്ന് വ്യക്തമാക്കി സെപ്തംബറിൽ ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അഞ്ചുമാസത്തെ ഉയരമായ 7.41 ശതമാനത്തിലെത്തി. ജൂലായിൽ 6.71 ശതമാനവും ആഗസ്‌റ്റിൽ 7 ശതമാനവുമായിരുന്നു.

റഷ്യ-യുക്രെയിൻ യുദ്ധം മൂലം ഇറക്കുമതി ഉത്‌പന്നങ്ങളിലുണ്ടായ വിലക്കയറ്റം, കാലംതെറ്റിയ മഴമൂലം ആഭ്യന്തര ഉത്പാദനത്തിലും വിതരണശൃംഖലയിലുമുണ്ടായ തിരിച്ചടികൾ എന്നിവയാണ് സെപ്തംബറിൽ വിലക്കയറ്റം രൂക്ഷമാക്കിയത്. ഭക്ഷ്യോത്‌പന്നങ്ങളുടെ വിലനിലവാരം ആഗസ്‌റ്റിലെ 7.62 ശതമാനത്തിൽ നിന്ന് 8.60 ശതമാനത്തിലേക്ക് കുതിച്ചതാണ് സെപ്തംബറിലെ പ്രധാന പ്രതിസന്ധി.

കേരളത്തിലും വിലക്കുതിപ്പ്

മുൻമാസങ്ങളിൽ അഞ്ച് ശതമാനത്തിനടുത്ത് നാണയപ്പെരുപ്പം നിയന്ത്രിച്ച കേരളവും ഇപ്പോൾ വിലക്കയറ്റത്തിന്റെ ട്രാക്കിലായി. ആഗസ്‌റ്റിലെ 5.73 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം കേരളത്തിൽ നാണയപ്പെരുപ്പം 6.45 ശതമാനത്തിലേക്ക് കുത്തനെ കൂടി. വലിയ സംസ്ഥാനങ്ങളിൽ ബംഗാളിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷം (9.44 ശതമാനം). ഡൽഹിയിലാണ് ഏറ്റവും കുറവ് (4.03 ശതമാനം).

ഇനിയും കൂടും പലിശഭാരം

റീട്ടെയിൽ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കാറുള്ളത്. ഇത് 6 ശതമാനത്തിന് താഴെ നിയന്ത്രിക്കാനെന്നോണം കഴിഞ്ഞ നാല് ധനനയ നിർണയയോഗങ്ങളിലായി റിസർവ് ബാങ്ക് റിപ്പോനിരക്ക് 1.9 ശതമാനം കൂട്ടിയിരുന്നു. അടുത്തയോഗം ഡിസംബറിലാണെങ്കിലും അതിനുമുന്നേ തന്നെ അസാധാരണയോഗം ചേർന്ന് വീണ്ടും പലിശകൂട്ടാനും സാദ്ധ്യതയുണ്ട്.

 തുടർച്ചയായ 9-ാം മാസമാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണപരിധിയായ 6 ശതമാനത്തിനുമേൽ റീട്ടെയിൽ നാണയപ്പെരുപ്പം തുടരുന്നത്.

പിടിവിട്ട് വിലക്കയറ്റം

(നാണയപ്പെരുപ്പം മുൻമാസങ്ങളിൽ)

 ഏപ്രിൽ : 7.79%

 മേയ് : 7.04%

 ജൂൺ : 7.01%

 ജൂലായ് : 6.71%

 ആഗസ്‌റ്റ് : 7.00%

 സെപ്തംബർ : 7.41%

വ്യാവസായിക

വളർച്ച നെഗറ്റീവ്

നാണയപ്പെരുപ്പം കുതിച്ചതിന് പിന്നാലെ ഇരുട്ടടിയുമായി ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയുടെ (ഐ.ഐ.പി) നെഗറ്റീവിലേക്ക് കൂപ്പുകുത്തിയെന്ന റിപ്പോർട്ടും ഇന്നലെ പുറത്തുവന്നു. 2021 ആഗസ്‌റ്റിലെ 13 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 0.8 ശതമാനത്തിലേക്കാണ് വൻവീഴ്ച. മാനുഫാക്‌ചറിംഗ് (നെഗറ്റീവ് 0.7 ശതമാനം), ഖനനം (നെഗറ്റീവ് 3.9 ശതമാനം) എന്നീ സുപ്രധാന മേഖലകളുടെ തളർച്ചയാണ് തിരിച്ചടി.