
നെയ്‌പിഡോ: മ്യാൻമർ മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിക്കുള്ള (77) ജയിൽ ശിക്ഷ 26 വർഷമാക്കി. അഴിമതി കേസിൽ പട്ടാള കോടതി മൂന്ന് വർഷം കൂടി ശിക്ഷ വിധിച്ചതോടെയാണ് സൂചിയുടെ ശിക്ഷ കൂടിയത്. രാജ്യത്തെ ഒരു വ്യവസായിയിൽ നിന്ന് 5,00,000 ഡോളർ സൂചി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സൂചി ഇത് നിഷേധിച്ചു.
കഴിഞ്ഞ മാസം അവസാനം ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് സൂചിക്ക് മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ നെയ്‌പിഡോയിലെ ജയിലിൽ ഏകാന്ത തടവിലാണ് സൂചി. 2021 ഫെബ്രുവരിയിൽ മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് സൂചിയെ സൈന്യം അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ഏകദേശം 190 വർഷത്തിലേറെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളിൽ സൂചി ഇനിയും വിചാരണ നേരിടാനുണ്ട്.