gg

കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെതിരെ പരാതി നൽകിയ യുവതി എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകി. മോഷ്ടിച്ച ഫോൺ ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ എം.എൽ.എയെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു,​ എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം പരാതിയെക്കുറിച്ച് എൽദോസ് കുന്നപ്പിള്ളിൽ പ്രതികരിച്ചിട്ടില്ല. എം.എൽ.എയുടെ രണ്ടു ഫോണുകളുംസ്വിച്ച് ഓഫാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത സാഹചര്യത്തിൽ എൽദോസ് മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്. മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെ മാറിനിൽക്കാനാണ് എൽദോസിന്റെ നീക്കം.

എൽദോസ് കുന്നപ്പിള്ളിൽ തെറ്റുകാരനെന്ന് കണ്ടാൽ കർശന നടപടി സ്വീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോൺഗ്രസ് വയ്‌ക്കില്ല. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണത്തിന്റെ ഉത്തരം കിട്ടിയാൽ കേസിനെ ആസ്‌പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.

നേരത്തെ, തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന അദ്ധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതിചേർത്തിട്ടുണ്ട്.