
തിരുവനന്തപുരം: എൽദോസ് കുന്നപ്പിളളി എംഎൽഎയ്‌ക്കെതിരെ യുവ അദ്ധ്യാപിക നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറായില്ലെന്ന് ആരോപണം ഉയർന്ന കോവളം എസ്‌എച്ച്‌ഒ പ്രൈജു.ജിയെ സ്ഥലംമാറ്റി. ആലപ്പുഴയിലെ പട്ടണക്കാട് സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. നെയ്യാർ ഡാം പൊലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ ബിജോയ്.എസിനെ പകരം മാറ്റി നിയമിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കി.
എൽദോസ് കുന്നപ്പിളളി എംഎൽഎ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പലതവണ പീഡിപ്പിച്ചെന്നും കോവളത്തുവച്ച് മർദ്ദിച്ചപ്പോൾ പൊലീസിനോട് ഭാര്യയാണെന്ന് പറഞ്ഞെന്നുമാണ് യുവതി പറഞ്ഞിരുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ എംഎൽഎ പണം വാഗ്ദാനം ചെയ്‌തെന്നും കേസെടുക്കാതെ എസ്എച്ച്‌ഒ ഒത്തുതീർപ്പിന് ശ്രമിച്ചെന്നുമാണ് യുവതി മജിസ്‌ട്രേറ്റിനോട് പരാതിപ്പെട്ടത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ എംഎൽഎ ഒളിവിലാണ്. അദ്ദേഹത്തിന്റെ രണ്ട് ഫോണുകളും സ്വിച്ചോഫാണ്. മുൻകൂർ ജാമ്യത്തിനായി എംഎൽഎ ജില്ലാ കോടതിയിൽ അപേക്ഷ ഫയൽ ചെയ്‌തു. അഡി. സെഷൻസ് കോടതിയിലേക്ക് കേസിൽ വാദം കേൾക്കാൻ കൈമാറി. ശനിയാഴ്‌ച കോടതി വാദം കേൾക്കും.
അതേസമയം എൽദോസ് കുന്നപ്പിള്ളിലിനെതിരെ പരാതി നൽകിയ യുവതി എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. മോഷ്ടിച്ച ഫോൺ ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ എം.എൽ.എയെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു, എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.