
തിരുവനനന്തപുരം : പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്മ, റോസ്‌ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്. ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. പെരുമ്പാവൂർ എ.എസ്.പി അനൂജ് പാലിവാളാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ,
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി ജയകുമാർ, കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ജോസ്, കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് എൻ.എ എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എയിൻ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബിപിൻ.ടി.ബി എന്നിവർ അംഗങ്ങളുമാണ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുളള മേൽനോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവർത്തിക്കുക.
പ്രതികളെ കോടതി ഇന്ന് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു, ഷാഫിയാണ് കേസിൽ ഒന്നാം പ്രതി. ഭഗവൽ സിംഗ് രണ്ടാംപ്രതിയും ലൈല മൂന്നാം പ്രതിയുമാണ്. ദേവീപ്രീതിക്കായാണ് കൊലപാതകം എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്ലിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവൽ സിംഗ് മാറിടം മുറിച്ചുമാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കാക്കനാട് ജയിലിലേക്ക് പ്രതികളെ മാറ്റിയിട്ടുണ്ട്