orange-green

ആപ്പിൾ ഐഫോൺ ഉപഭോക്താക്കളിൽ പലരും അവരുടെ ഫോൺ സ്‌ക്രീനിന് മുകളിൽ ഒരറ്റത്ത് പ്രത്യേക നിറമുള‌ള ചില വൃത്തങ്ങൾ ഇടയ്‌ക്ക് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഐഒഎസ്14 അല്ലെങ്കിൽ15 ഓപ്പറേറ്റിംഗ് സിസ്‌റ്റമുള‌ള ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഈ സൂചനകൾ ലഭിക്കുക. ഇത് ഐഒഎസ് 2020ൽ പുറത്തിറക്കിയ അപ്‌ഡേറ്റിൽ വരുന്ന ഫീച്ചറാണ്.

പച്ച നിറത്തിൽ ചെറിയൊരു വട്ടം സ്‌ക്രീനിന് വശത്ത് കണ്ടാൽ ശ്രദ്ധിക്കണം ഇത് നിങ്ങളുടെ ഫോണിലെ ഏതോ ഒരു ആപ്പ് നിങ്ങളുടെ ദൃശ്യം റെക്കാഡ് ചെയ്യുകയാണ് എന്നാണ് അർത്ഥം. ഇനി അഥവാ ഓറഞ്ച് നിറത്തിലെ ചെറിയ വട്ടമാണ് കാണുന്നതെങ്കിലോ ഇതിനർത്ഥം നിങ്ങളുടെ ശബ്‌ദം ഏതോ ആപ്പ് രഹസ്യമായി റെക്കാഡ് ചെയ്യുന്നു എന്നാണ്.

ഇങ്ങനെ മുന്നറിയിപ്പ് കിട്ടിയാൽ ഉടൻ ഫോണിന്റെ കൺട്രോൾ സെന്ററിൽ ക്ളിക്ക് ചെയ്‌ത് ഏത് ആപ്പാണ് മൈക്രോഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്താം. ഏതെങ്കിലും സമയത്ത് നിങ്ങളുടെ ആപ്പുകൾ സ്വകാര്യതയിൽ കടന്നുകയറുന്നതായി തോന്നിയാൽ സെറ്റിംഗ്‌സിൽ പെർമിഷൻസിൽ നോക്കി അവ ഡിസേബിൾ ആക്കാം.

മൗലികമായ കാര്യമാണ് ഉപഭോക്താവിന്റെ സ്വകാര്യത എന്നും ഉപഭോക്താവ് പങ്കുവയ്‌ക്കുന്ന ഡാറ്റയുടെ മേൽ അവ‌‌‌ർക്ക് കൂടുതൽ സ്വാതന്ത്ര്യവും കൂടുതൽ സുതാര്യതയും ഉണ്ടാകാനാണ് ഈ ഫീച്ചർ കൊണ്ടുവന്നതെന്നാണ് ആപ്പിൾ മുൻപ് അറിയിച്ചിരുന്നത്.

റീൽസും ക്യാമറ ആപ്പ് ഉപയോഗിക്കുമ്പോഴും ഇതേ നിറത്തിലെ വട്ടം കാണാം. അതിൽ അശ്ചര്യപ്പെടാനില്ല. ഉപയോഗിക്കാത്ത സമയത്തും ക്യാമറ പ്രവർത്തിക്കുന്നതായോ മൈക്രോഫോൺ പ്രവർത്തിക്കുന്നെന്നോ മുന്നറിയിപ്പ് വന്നാൽ മാത്രമാണ് കരുതിയിരിക്കേണ്ടത്.