stabbed

കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ മകൾക്കും അമ്മയ്‌ക്കും നേരെ യുവാവിന്റെ ആക്രമണം. ന്യൂമാഹിയിലെ ഉസ്സൻ‌മൊട്ടയിലാണ് അമ്മയ്‌ക്കും മകൾക്കും കുത്തേറ്റത്. കണ്ണൂർ മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു (23) എന്ന യുവാവാണ് വൈകിട്ട് 7.30ഓടെ ആക്രമണം നടത്തിയത്. ഉസ്സൻമൊട്ട സ്വദേശികളായ ഇന്ദുലേഖ മകൾ പൂജ എന്നിവർക്കാണ് കുത്തേറ്റിരിക്കുന്നത്.

പൂജയോട് പ്രതി പ്രണയാഭ്യ‌ർത്ഥന നടത്തിയിരുന്നു. എന്നാൽ ഇത് നിരസിച്ചതാണ് ഇരുവർക്കും കുത്തേൽക്കാൻ കാരണം. വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പൂജയെ കുത്താൻ ശ്രമിച്ചു. ഇത് തടയാൻ ഇടയ്‌ക്ക് കയറിയ സമയമാണ് ഇന്ദുലേഖയ്‌ക്ക് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയും തലശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് ജിനേഷ് ബാബുവിനായി സമീപമേഖലയിലെല്ലാം തിരച്ചിൽ ആരംഭിച്ചു.