
പത്തനംതിട്ട: പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടന്നതായി റിപ്പോർട്ടുകൾ. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയതെന്ന് ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. മന്ത്രവാദത്തെ എതിർക്കുന്ന നാട്ടുകാരെ ഇവർ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുണ്ട്.
മന്ത്രവാദിയെ എതിർക്കുന്നവരുടെ വീടിന് മുന്നിൽ പൂവ് കൊണ്ടിട്ട്, നാൽപ്പത്തിയൊന്നാം ദിനം മരിക്കുമെന്ന് പറഞ്ഞ് നാട്ടുകാരെ ഭീഷണിപ്പെടുത്തും. കൂടാതെ ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.