
പാലോട്: പൊൻമുടിയിൽ നിന്ന് പുതിയ വൃക്ഷം കണ്ടെത്തി. പൊൻമുടിയിലെ നിത്യഹരിതവനങ്ങളിൽ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ സർവേയിലാണ് ഹംബോൾഷിയ ജനുസിൽപ്പെട്ട പുതിയ സസ്യത്തെ കണ്ടെത്തിയത്.
ഈ ജനുസിൽ പെട്ട സസ്യങ്ങൾ കാട്ട് അശോകങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഫേബസിയെ സസ്യകുടുംബത്തിൽ പെട്ട പുതിയ സസ്യത്തിന് ഹംബോൾഷിയ പൊൻമുടിയാന എന്നാണ് ശാസ്ത്രീയമായ നാമകരണം ചെയ്തത്. ന്യൂസിലാന്റിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫൈറ്റോ ടാക്സ എന്ന ഓൺലൈൻ ജേർണലിലാണ് പുതിയ കണ്ടെത്തൽ സംബന്ധിച്ച ലേഖനമുള്ളത്.
കറുത്ത പുറംചട്ടയുള്ള തടിയും ഇടതൂർന്ന ഇല ചാർത്തും ശാഖാ അഗ്രത്ത് തൂക്കിയിട്ട തൂവാലകൾ പോലെ കാണുന്ന രോമാവൃതവും മനോഹരവുമായ തളിരിലകളും പൂങ്കുലകളായി കാണുന്ന തൂവെള്ള നിറത്തിലുള്ള പൂക്കളുമാണ് ഈ വൃക്ഷത്തിന്റെ സവിശേഷത. സമുദ്രനിരപ്പിൽ നിന്ന് 700 മുതൽ 800 മീറ്ററിനും ഇടയിലുള്ള വനപ്രദേശത്താണ് ഈ വൃക്ഷം കാണുന്നത്.നിലവിൽ അൻപതിൽ താഴെ ചെടികൾ മാത്രമാണ് ഗവേഷകർ കണ്ടെത്തിയത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കോൺസെർവേഷൻ ഒഫ് നേച്ചർ എന്ന ഏജൻസി നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ വിഭാഗത്തിലാണ് ഈ സസ്യത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലോകത്ത് ഹംബോൾഷിയ എന്ന സസ്യജനുസ് ദക്ഷിണ സഹ്യാദ്രി മലനിരകളിൽ മാത്രം കാണപ്പെടുന്ന ഒന്നാണ്. ഇവയിൽ 6 സ്പീഷീസുകളും ഇവയുടെ രണ്ട് വകഭേദങ്ങളും മലനിരകളിൽ കാണപ്പെടുമ്പോൾ ഒരു സ്പീഷീസ് ശ്രീലങ്കയിൽ മാത്രമായി കാണപ്പെടുന്നു. ഈ ജനുസ്സിൽ പെട്ട എല്ലാ സസ്യങ്ങളും അലങ്കാരങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇവയുടെ പൂക്കൾ വിവിധ വർണങ്ങളിലാണ് കൗതുകമാകുന്നത്. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ സംരക്ഷണ ഗവേഷണ പ്രവർത്തനങ്ങളിൽ ശക്തമായ ചുവടുവയ്പുകളാണ് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് വിഭാഗം തലവൻ ഡോ.ആർ.രാജ് വിക്രമൻ, സീനിയർ ടെക്നിക്കൽ ഓഫീസർമാരായ ഡോ.ഇ.എസ്.സന്തോഷ് കുമാർ, എസ്.എം.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.