
പത്തനംതിട്ട: ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീടിന് സമീപം എട്ട് വർഷം മുമ്പ് സ്ത്രീ കൊല്ലപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ ബന്ധുക്കൾ. പന്തളം ഉള്ളന്നൂരിലെ വഴിയരികിൽ നിന്നാണ് നെല്ലിക്കാല സ്വദേശിനി സരോജിനി(60)യുടെ മൃതദേഹം ലഭിച്ചത്. ദേഹമാസകലമുള്ള മുറിവുകളിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു കണ്ടെത്തിയത്.
2014 സെപ്തംബർ 14നാണ് സരോജിനിയുടെ മൃതദേഹം വഴിയരികിൽ കാണുന്നത്. ദേഹമാസകലം 46 മുറിവുകൾ ഉണ്ടായിരുന്നു. കൂടുതലും ഇരു കൈകളിലായിരുന്നു. ഒരു കൈ അറ്റ നിലയിലായിരുന്നു. ശരീരത്തിൽ നിന്ന് രക്തം പൂർണമായും വാർന്നുപോയിരുന്നു. ഇലന്തൂർ നരബലി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സരോജിനിയുടെ ബന്ധുക്കളിൽ സംശയം ഉടലെടുത്തത്. നരബലി നടത്തിയ ഭഗവൽ സിംഗിന്റെ വീടിന് ഒന്നരകിലോമീറ്റർ അകലെയാണ് സരോജിനിയുടെ വീട്. മൃതദേഹം കുളിപ്പിച്ച നിലയിലായിരുന്നുവെന്ന് മകൻ ആരോപിക്കുന്നു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഈ മാസം പതിനൊന്നിനാണ് പത്തനംതിട്ടയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്തുവന്നത്. സംഭവത്തിൽ ഭഗവൽ സിംഗ്, ഷാഫി, ലൈല എന്നീ പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഭഗവൽ സിംഗ്, ഷാഫി എന്നിവരെ കാക്കനാട് ജില്ലാ ജയിലിലും ലൈലയെ വനിതാ ജയിലിലേയ്ക്കുമാണ് മാറ്റിയത്. ഷാഫിയുടെ പ്രേരണയിലാണ് പ്രതികൾ കൃത്യം നടത്തിയത്. അതിനാൽ ഷാഫിയെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളുടെ മുൻകാല ചെയ്തികൾ അന്വേഷിക്കണമെന്നും അതിനായി ഇവരെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് ചില ശാസ്ത്രീയ തെളിവുകൾ കൂടി ശേഖരിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു.