elanthoor-human-sacrifice

പത്തനംതിട്ട: ഇക്കഴിഞ്ഞ സെപ്തംബറിൽ ദേവീപ്രീതിക്കായി രണ്ടാമത്തെ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയിന്റെ പിറ്റേന്നും ഭഗവൽ സിംഗ് ചികിത്സ നടത്തിയിരുന്നു. സെപ്തംബർ 26 നാണ് പത്മത്തെ ഭഗവൽ സിംഗും ഭാര്യ ലൈലയും ഷാഫിയും ചേർന്ന് കൊലപ്പെടുത്തിയത്.അരുംകൊല നടന്നതിന്റെ പിറ്റേന്ന് സെപ്തംബർ 27 ന് മലയാലപ്പുഴയിലെ രോഗിയുടെ വീട്ടിലെത്തിയാണ് ഭഗവൽ സിംഗ് തിരുമൽ ചികിത്സ നടത്തിയത്. ഭാര്യ ലൈലയും ഒപ്പമുണ്ടായിരുന്നു. രണ്ടുപേർക്കും ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നാണ് അന്ന് ചികിത്സയ്ക്ക് വിധേയനായ മലയാലപ്പുഴ സ്വദേശിയായ ഷെയിൻ സദാനന്ദൻ പറയുന്നത്. ചികിത്സകൊണ്ട് രോഗാവസ്ഥയ്ക്ക് മാറ്റമുണ്ടായി വരികയായിരുന്നു എന്നും ഷെയിൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഒമ്പത് ദിവസമാണ് ഭഗവൽ സിംഗ് ഷെയിനിന്റെ വീട്ടിൽ ചികിത്സക്കെത്തിയത്. അറസ്റ്റിലായ തിങ്കളാഴ്ചയും എത്തുമെന്ന് അറിയിച്ചിരുന്നു. പക്ഷേ എത്താതായതോടെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീടാണ് എല്ലാ കാര്യങ്ങളും ഷെയിൻ അറിഞ്ഞത്. 800 രൂപയായിരുന്നു തിരുമൽ ചികിത്സക്കുള്ള കൂലിയായി വാങ്ങിയിരുന്നത്.

അതേസമയം, ഇലന്തൂരിൽ ദേവീപ്രീതിക്കായി രണ്ടു സ്ത്രീകളെ മൃഗീയമായി ബലികൊടുത്ത ഭഗവൽ സിംഗും ഭാര്യ ലൈലയും വ്യാജ സിദ്ധൻ ഷാഫിയും കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ പാചകം ചെയ്തു കഴിച്ചെന്ന് പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തി. കൊലപ്പെടുത്തിയശേഷം ഇരയുടെ കരളും ചില പ്രത്യേക അവയവങ്ങളും പച്ചയ്ക്ക് കഴിക്കണമെന്ന് സിദ്ധൻ ഉപദേശിച്ചെങ്കിലും അത് അസാദ്ധ്യമായതിനാൽ പാചകം ചെയ്ത് കഴിക്കുകയായിരുന്നു. ഒന്നാം പ്രതിയും ദുർമന്ത്രവാദിയുമായ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിതന്നെ ഉപ്പും മഞ്ഞൾപ്പൊടിയും മാത്രം ചേർത്ത് കറിവയ്ക്കുകയായിരുന്നുവെന്നാണ് രണ്ടും മൂന്നും പ്രതികളായ നാട്ടുവൈദ്യൻ ഇലന്തൂർ കടംപള്ളി വീട്ടിൽ ഭഗവൽ സിംഗും ഭാര്യ ലൈലയും പൊലീസിന് നൽകിയ മൊഴി. ഇരകളുടെ മാംസം പ്രസാദമായതിനാൽ മറ്റുള്ളവർക്കും നൽകാൻ ഷാഫി നിർബന്ധിച്ചെങ്കിലും ദമ്പതികൾ തയ്യാറായില്ല.

68 കാരനായ ഭഗവൽ സിംഗിന് ശാരീരികശേഷി കൂട്ടാൻ ഒറ്റമൂലി എന്ന നിലയ്ക്കാണ് ചില പ്രത്യേക ശരീരഭാഗങ്ങൾ കഴിക്കാൻ ആവശ്യപ്പെട്ടത്. മൂവരും ഒരുമിച്ചിരുന്ന് കഴിക്കുകയായിരുന്നു. വളരെ ആസ്വദിച്ചാണ് ഷാഫി കഴിച്ചത്. ഫ്രിഡ്ജിൽ സൂക്ഷിച്ച മാംസം പല ദിവസങ്ങളിലായി പാചകം ചെയ്ത് ഉപയോഗിക്കുകയായിരുന്നു.

ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടിയായിരുന്നു നരബലിയെങ്കിലും സ്ത്രീകളുടെ ശരീരഭാഗങ്ങൾ കറിവച്ച് കഴിക്കണമെന്നത് തന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് ഷാഫി വെളിപ്പെടുത്തി. മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങൾ കുഴിച്ചിട്ട ശേഷമാണ് മാറ്റിവച്ച മാംസം പാചകം ചെയ്തത്. മാംസം പൂജ ചെയ്ത ശേഷമാണ് ഭഗവൽ സിംഗിനും ലൈലയ്ക്കും ഷാഫി നൽകിയത്. ഫ്രീസറിൽ സൂക്ഷിച്ച കരളും മറ്റും പിന്നീട് ഭക്ഷിച്ചെന്നാണ് വിവരം.