black-magic

പത്തനംതിട്ട: മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സ്ത്രീ അറസ്റ്റിൽ. വാസന്തി മഠത്തിന്റെ ഉടമ ശോഭനയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.


സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രവാദത്തിനെതിരെ യുവജന സംഘടനകൾ പ്രതിഷേധിച്ചിരുന്നു. മന്ത്രവാദ കേന്ദ്രം പ്രതിഷേധക്കാർ അടിച്ചുതകർത്തതായി റിപ്പോർട്ടുണ്ട്.

കർശന നടപടി സ്വീകരിക്കും; വീണാ ജോർജ്

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണം. പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.