laila

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭഗവൽ സിംഗിൽ നിന്ന് രണ്ട് തവണകളായി അഞ്ച് ലക്ഷം രൂപയാണ് ഷാഫി വാങ്ങിയത്. കൂടാതെ കൊലപാതകം കഴിഞ്ഞ ശേഷം ഊരിയെടുത്ത ഇരകളുടെ ആഭരണങ്ങൾ ഗാന്ധിനഗറിലെ ഒരു ബാങ്കിൽ പണയംവച്ച് കിട്ടിയ കാശും ഇയാൾ കൊണ്ടുപോയതായി സൂചനയുണ്ട്.

ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുദ്രാ വായ്പ എടുത്തതായി ഷാഫിയുടെ ഭാര്യ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ആഭരണങ്ങൾ വിറ്റുകിട്ടിയ പണമാണോ ഭാര്യയോട് ലോണെന്ന് പറഞ്ഞത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അതേസമയം, ബലി നൽകിയാൽ സമ്പന്നരാകുമെന്ന് ഭഗവൽ സിംഗ് ഉറച്ചുവിശ്വസിച്ചിരുന്നു. റോസ്‌ലിയുടെ മൃതദേഹമുണ്ടായിരുന്ന കുഴിയിൽ നിന്ന് കിട്ടിയ ബാഗിൽ ഭഗവൽ സിംഗ് എഴുതി ഒപ്പിട്ടുകൊടുത്ത ഇരുപത് ലക്ഷം രൂപയുടെ ചെക്കും ഉണ്ടായിരുന്നു.

ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാനായി ദേവിയെ പ്രീതിപ്പെടുത്താൻ നടത്തിയതാണ് ഇലന്തൂരിലെ രണ്ടു നരബലികളെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികളെ ഇന്നലെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു.