court

ന്യൂഡൽഹി: കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടി ശരിവച്ച കർണ്ണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഹർജി പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിശാല ബെഞ്ചിന് വിട്ടത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയഎന്നിവരുടെ ബെഞ്ചാണ് ഹർജികളിൽ പത്തുദിവസം വാദംകേട്ടത്. ഇതിൽ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരിവച്ചപ്പോൾ ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. ഇതോടെയാണ് കേസ് വിശാലബെഞ്ചിന് വിട്ടത്.

നേരത്തേ കേസിന്റെ വാദത്തിൽ ഹിജാബ് നിരോധനം വലിയ വിഷയമാക്കിയത് പോപ്പുലർ ഫ്രണ്ടിന്റെ പ്രചരണം മൂലമാണെന്ന് കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നു.ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു.ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടെയെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത,ജസ്റ്റിസ് സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ ചോദിച്ചിരുന്നു.