eldose-kunnappillil

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മാസം 14നാണ് കോവളത്തെ ഗസ്റ്റ് ഹൗസിലേയ്ക്ക് എൽദോസ് തന്നെ കൊണ്ടുപോയതെന്നും പിഎയുടെയും സുഹൃത്തിന്റെയും മുന്നിൽ വച്ചാണ് മർദ്ദിച്ചതെന്നുമാണ് യുവതിയുടെ മൊഴിൽ പറയുന്നത്. തന്നെ ഉപദ്രവിച്ചതിന് പിഎയും സുഹൃത്തും ദൃക്സാക്ഷികളാണെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയുടെ പിഎ ഡാനി പോളിനെയും സുഹൃത്ത് ജിഷ്ണുവിനെയും ക്രൈംബ്രാഞ്ച് വിളിപ്പിക്കാൻ തീരുമാനിച്ചു. ഇരുവരുടെയും ഫോണുകൾ സ്വിച്ച്‌ഡ് ഒഫാണെന്നാണ് പൊലീസ് പറയുന്നത്. മൊഴി പരിശോധിച്ച ശേഷം ഗസ്റ്റ് ഹൗസിൽ എംഎൽഎ മുറിയെടുത്തിരുന്നുവെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. എംഎൽഎയ്ക്കെതിരായ തെളിവുകൾ ഇതിനോടകം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. എൽദോസിനെ അറസ്റ്ര് ചെയ്യാൻ പോലീസ് നീക്കം തുടങ്ങിയതായാണ് വിവരം.

അതേസമയം, പരാതി വന്നതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി എംഎൽഎ ഒളിവിലാണ്. ശനിയാഴ്ചയാണ് എംഎൽഎയുടെ ജാമ്യഹർജി പരിഗണിക്കുന്നത്. തട്ടിക്കൊണ്ടുപോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. പലയിടങ്ങളിലും കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴി. എന്നാൽ നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് എൽദോസ് കുന്നപ്പിള്ളിൽ സമൂഹമാദ്ധ്യമങ്ങലിലൂടെ പ്രതികരിച്ചത്.