
ഗുരുവായൂർ: കാൽവേദനയുമായി എത്തിയ രോഗിയോട് വിശ്രമിക്കരുതെന്നും പ്രശ്‌നമുണ്ടെങ്കിൽ ഭർത്താവ് ബാറിൽ പോകാനും നിർദ്ദേശിച്ച ഡോക്ടറുടെ കുറിപ്പിടി മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിയ ഗുരുവായൂർ മമ്മിയൂർ സ്വദേശി കോക്കൂർ വീട്ടിൽ അനിൽകുമാറിനും ഭാര്യ പ്രിയയ്‌ക്കുമാണ് ഡോക്ടറുടെ അധിക്ഷേപം നേരിടേണ്ടി വന്നത്.
വിട്ടുമാറാത്ത കാൽവേദനയെ തുടർന്നാണ് പ്രിയ തൃശൂരിലെ വാസ്‌കുലർ സർജനെ കാട്ടിയത്. ഡോക്ടർ നിർദേശിച്ച പ്രകാരം എക്‌സ്‌റേ എടുത്തു. പ്രത്യേകമായൊന്നും ചെയ്യാനില്ലെന്ന് ഡോക്‌ടർ വിശദീകരിച്ചു. ബെഡ് റെസ്റ്റൊന്നും വേണ്ട ഓടിച്ചാടി നടന്നോളാനാണ് പറഞ്ഞത്. ശക്തമായ വേദനയുണ്ടെന്ന് അനിൽകുമാർ അറിയിച്ചപ്പോൾ ബാറിൽ പോയി രണ്ടെണ്ണം അടിക്കാനായി നിർദ്ദേശം. ഇത് കുറിപ്പടിയിൽ എഴുതി നൽകുകയും ചെയ്തു. 'കെട്ടിയവൻ വിസിറ്റ് ബാർ ഇഫ് എനി പ്രോബ്ലം' എന്നാണ് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്.
കുറിപ്പടിയുമായി ഫാർമസിയിലെത്തിയപ്പോൾ അവർ ചിരിക്കുന്നത് കണ്ടപ്പോഴാണ് പന്തികേട് തോന്നിയതെന്ന് അനിൽകുമാർ പറഞ്ഞു. ആശുപത്രി അധികൃതർക്ക് പരാതി നൽകി. ഡോക്ടറുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ സേവനം താത്കാലികമായി നിറുത്തിവച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും അനിൽകുമാർ പറഞ്ഞു.