
സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി യുവതി. കിർസ്റ്റി ബ്രയാന്റ് (29) എന്ന ഓസ്ട്രേലിയൻ യുവതിയാണ് മെഡിക്കൽ മേഖലയിലെ ചരിത്രനേട്ടത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നത്. ന്യൂ സൗത്ത് വേൽസ് സ്വദേശിനിയാണ് യുവതി. ആദ്യത്തെ കുഞ്ഞിന്റെ പ്രസവസമയത്ത് അമിതരക്തസ്രാവത്തെ തുടർന്ന് കിർസ്റ്റിയ്ക്ക് തന്റെ ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നിരുന്നു. ഇക്കാരണത്താൽ ഇനിയൊരു കുഞ്ഞിന് ജന്മം നൽകാനാകില്ലെന്ന ദുഃഖത്തിൽ ജീവിക്കുകയായിരുന്ന കിർസ്റ്റിയ്ക്ക് രക്ഷകയായി സ്വന്തം അമ്മ എത്തുകയായിരുന്നു. മിഷേൽ എന്ന 53കാരിയാണ് മകൾക്ക് ജന്മം കൊടുത്ത ഗർഭപാത്രം മകളുടെ കുഞ്ഞിനായി നൽകുന്നത്.
ഇനി ഒരിക്കലും ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ കിർസ്റ്റി മറ്റ് മാർഗങ്ങൾ തേടിയിരുന്നു. വാടക ഗർഭധാരണം, ദത്തെടുക്കൽ എന്നിവയെക്കുറിച്ചും ചിന്തിച്ചു. വിവരങ്ങൾ തിരക്കി. എന്നാൽ ഓസ്‌ട്രേലിയയിൽ വാടക ഗർഭധാരണത്തിന് നൂലാമാലകൾ ഏറെയാണെന്ന് കിർസ്റ്റി പറയുന്നു. ഓരോ സംസ്ഥാനത്തിനും പ്രത്യേകം നിയമങ്ങളുണ്ട്. ഇവയിലൂടെ കടന്നുപോകുന്നതിന് ഏറെകാലതാമസവും ഉണ്ടാവും. അതുകൊണ്ടുതന്നെ വാടക ഗർഭധാരണം എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. പിന്നാലെയാണ് ഗർഭപാത്രം മാറ്റിവയ്ക്കൽ എന്നതിനെക്കുറിച്ച് അറിയുന്നത്.
അമ്മയുടെ ഗർഭപാത്രം സ്വീകരിച്ച് രണ്ടാമതൊരിക്കൽ കൂടി കുഞ്ഞിന് ജന്മം നൽകാനാകുമെന്ന് മനസിലാക്കിയതിനെത്തുടർന്ന് ഇതേക്കുറിച്ച് അമ്മയോട് സംസാരിച്ചു. തന്റെ ആഗ്രഹം അതാണെങ്കിൽ സഹായിക്കാൻ തയ്യാറാണ് എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്ന് കിർസ്റ്റി വെളിപ്പെടുത്തി. ആദ്യം കേട്ടപ്പോൾ അമ്പരന്നുവെന്നും നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലെങ്കിലും മകൾക്കുവേണ്ടി സമ്മതിക്കുകയായിരുന്നെന്നും മിഷേൽ പറയുന്നു. തന്റെ മകൾ ഒരിക്കൽ കൂടി അമ്മയാകുന്നതിന് സാക്ഷിയാകാൻ സാധിക്കും. ഭാവി തങ്ങൾക്കായി കരുതിവച്ചിരിക്കുന്നത് എന്താണെന്ന് അറിയുന്നതിനുള്ള ആവേശത്തിലാണെന്നും മിഷേൽ വെളിപ്പെടുത്തി.