photos

റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങളെപ്പറ്റി ചാനലുകളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയുമൊക്കെ ചർച്ചകൾ നടക്കാറുണ്ട്. അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള അരുൺ രാജ് എന്ന യുവാവിന്റെ ഫോട്ടോ സ്‌റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൂക്കച്ചവടക്കാരിയായ യുവതിയുടെ മകൾ റോഡിലെ കുഴിയിൽ വീണ് മരിക്കുന്നതും, ഇവർ നീതി തേടി എം എൽ എയെ സമീപിക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്. ആ അമ്മയുടെ പരാതിയോട് എം എൽ എ മുഖം തിരിക്കുകയാണ്. അതേ കുഴി കാരണം ജനപ്രതിനിധിയുടെ മകൾ മരിക്കുന്നതും നേരത്തെ കണ്ട അമ്മ അയാളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

ആ അമ്മയുടെ പരാതിയിൽ അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഈ അപകടം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചിത്രങ്ങളിലൂടെ അരുൺ രാജ് പറയുന്നത്. ഫേസ്ബുക്കിലാണ് യുവാവ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വൈകുന്ന തിരിച്ചറിവുകൾ... അധികാരസിരകളിൽ തിളച്ചുമറിയും പണക്കൊഴുപ്പും ഗർവും മറയ്ക്കും തിമിരത്താൽ ഒരായിരം ജീവനുകൾ പൊലിയുന്ന നിരത്തുകൾ. അതായിരിക്കും ആ അമ്മയുടെ കണ്ണീർക്കണങ്ങളുടെ ആഴം അറിയാൻ അയാൾ വൈകിയത്. എന്നിട്ടും നിരന്തരം അവൾ നടത്തിയോരു യുദ്ധമുണ്ട്.

പൂക്കളുടെ ഗന്ധം വമിക്കുന്ന വിരലുകളിൽ കുഞ്ഞുമകളുടെ ചേതനയറ്റ ചോര പുരണ്ട ശരീരം പേറിയ കൈകൾ നിവേദനങ്ങളുമായി, അപേക്ഷയുമായി അയാളുടെ പടികൾ കയറിയിറങ്ങിയിട്ടുമുണ്ട്. വെളുക്കെ ചിരിച്ചും സമാധാനിപ്പിച്ചും മേഘങ്ങൾക്കു മേലെ അയാൾ പറന്നകന്നിട്ടും, അവകാശത്തിന്റെ അപേക്ഷകൾ നിഷേധത്തിന്റെ കരിപുരണ്ടു ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്നു. അതുതന്നെയാണ്, ആ തിരിച്ചറിവു തന്നെയാണ് അയാളെ ചുഴറ്റിയടിച്ചതും. ദേവലോകങ്ങൾക്കും താഴെ വലിച്ചിഴച്ചു വെറും മണ്ണിലേക്ക് കൊണ്ടിട്ടതും.

പൂഴ്ത്തിവച്ചതും, വെട്ടിപ്പിടിച്ചതും മകളുടെ പട്ടടയിൽ എരിയുന്ന വിറകിന്റെ വിലപോലുമില്ലന്നറിയുന്ന നിമിഷം. കാലങ്ങൾക്കു മുൻപ് ഇതുപോലെ വെള്ളത്തുണിയിൽ പൊതിഞ്ഞു കരയുന്ന അവളെ വാങ്ങിയ കൈകളിൽ ഇന്ന് ചോരപുരണ്ട കോറമുണ്ടിൽ പൊതിഞ്ഞു അവൾ എത്തിയപ്പോൾ, നിലതെറ്റി, കാലിടറി താഴേക്കു വീണപ്പോൾ, ഒരു പക്ഷെ ആ അമ്മയ്ക്ക് മനസ്സിലായിട്ടുണ്ടാകും. അയാളുടെ തോളിൽ അമർന്നിരിക്കുന്ന ഓർമ്മകളുടെ പാപഭാരം. അവർ ചിരിച്ചില്ല, അവർക്കറിയാം, അയാൾ എരിയുകയാണന്നു.. മകൾക്കു കീഴെ ദഹിപ്പിക്കും അന്ത്യാഗ്നിയാവുകയാണെന്നു