ilanthur-human-sacrifice-

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളെയും പന്ത്രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കേസുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹനന്മയ്ക്ക് ആവശ്യമാണ് എന്നതടക്കമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസിലെ ഒന്നാം പ്രതിയായ ഷാഫി കൊടുംകുറ്റവാളിയാണെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പറയാൻ ഷാഫി മടിക്കുകയാണ്. സൈബ‌ർ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ച് നൽകിയത്.

കടുത്ത വാദപ്രതിവാദങ്ങളാണ് പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മിൽ നടന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണമായും തള്ളണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പ്രതിഭാഗത്തിന്റെ അഭിഭാഷകനായ ആളൂരിനെ കോടതി വിമർശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിടുകയാണെങ്കിൽ എല്ലാദിവസവും കാണാൻ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യം കോടതിയെ ചൊടിപ്പിച്ചു. പിന്നാലെ കോടതിയ്ക്ക് മേൽ അഭിഭാഷകൻ നിർദേശം വയ്‌ക്കേണ്ടെന്ന് താക്കീത് നൽകുകയായിരുന്നു.