
ഗാന്ധിനഗർ: കേരളത്തെ നടുക്കിയ നരബലി വാർത്ത പുറത്തു വന്നതിന് പിന്നാലെ മറ്റൊരു വാർത്ത കൂടി. കുടുംബത്തിൽ ഐശ്വര്യം ലഭിക്കുന്നതിനായി പ്രായപൂർത്തിയാകാത്ത മകളെ ബലി നൽകിയിരിക്കുകയാണ് കുടുംബം. ഗിർ സോമനാഥ് ജില്ലയിലെ ധാവ ഗിർ ഗ്രാമത്തിലെ ഒരു കുടുംബമാണ് 14കാരിയായ മകളെ ബലി നൽകിയത്. കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
നവരാത്രി ദിവസമായിരുന്നു സംഭവം. പണവും ഐശ്വര്യവും വരാൻ കുടുംബം മകളെ ബലിയർപ്പിച്ചെന്നാണ് സമീപവാസികൾ പറയുന്നത്. ഇവർ തന്നെയാണ് പൊലീസിൽ പരാതി നൽകിയതും. കുട്ടിയുടെ മരണം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സമീപവാസികൾ പൊലീസിനെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഇവരുടെ കൃഷിസ്ഥലത്ത് സംസ്കരിച്ചതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൂറത്തിലാണ് കുട്ടിയുടെ പിതാവ് ഭവേഷ് ബിസിനസ് ചെയ്തിരുന്നത്. ആറ് മാസം മുമ്പ് വരെ പെൺകുട്ടി സൂറത്തിൽ പഠിക്കുകയായിരുന്നു. ഒരു കാരണവുമില്ലാതെയാണ് രക്ഷിതാക്കൾ സ്കൂളിൽ നിന്ന് ടി സി വാങ്ങി കുട്ടിയെ നാട്ടിലേയ്ക്ക് കൊണ്ടുവന്നത്. ശേഷം ബലി നൽകുകയായിരുന്നു. എന്നാൽ കുട്ടി പുനർജനിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ പ്രതീക്ഷ. ഇതിനായി നാല് ദിവസം മൃതദേഹം സൂക്ഷിച്ചു. അതിന് ശേഷമാണ് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടിയെ സംസ്കരിച്ചത്.