mvd

തിരുവനന്തപുരം : റോഡിൽ നിയമം ലംഘിക്കുന്ന കെ.എ.സ്ആ‌ർ.ടി.സി ബസ് ഉൾപ്പെടെ എല്ലാത്തരം വാഹനങ്ങൾക്കെതിരെയും ഹെെക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് പറഞ്ഞു. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന മോട്ടോർ വാഹന വകുപ്പ് സെൻട്രൽ സോൺ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡിൽ ഒരു ജീവൻ പോലും പൊലിയരുതെന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാരും ഗതാഗത വകുപ്പും നീങ്ങുന്നതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 4472 നിയമലംഘനങ്ങൾ കണ്ടെത്തി 75,​73,​020 രൂപ പിഴ ഈടാക്കി.263 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. അപകടകരമായി വാഹനമോടിച്ച 108 ‌ഡ്രെെവർമാരുടെ ലെെസൻസ് റദ്ദാക്കി. 19 കെ എസ് ആർ ടി സി ബസുകൾക്കെതിരെയും നടപടിയെടുത്തു.

അപകടകരമായ രീതിയിലെ ഡ്രെെവിംഗിന് ലെെസൻസ് റദ്ദാക്കപ്പെടുന്ന ഡ്രെെവ‌ർമാർക്ക് എടപ്പാളിലെ ഡ്രെെവേഴ്സ് ട്രെയിനിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നൽകും. റോഡപകടങ്ങളിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ പരിചരിച്ചതിനു ശേഷമാകും ഡ്രെെവർമാരുടെ ലെെസ​ൻസ് പുനഃസ്ഥാപിക്കുക. ബസ് ഉടമകളുടെ അസോസിയേഷനും ഡ്രെെവർമാർക്ക് പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വേഗ നിയന്ത്രണ സംവിധാനങ്ങൾ,​അനധികൃത രൂപമാറ്റങ്ങൾ മുതലായവ ക‌ർശനമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.