students

കണ്ണൂർ: കൺസെഷനുള്ള വിദ്യാർത്ഥികൾ സീറ്റുകൾ കൈയടക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. തലശേരി- കണ്ണൂർ റൂട്ടിൽ ഓടുന്ന ബസുകളാണ് പണിമുടക്കിയത്. രാവിലെ പത്ത് മണിയോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഇതോടെ ഈ റൂട്ടിലെ യാത്രക്കാർ പെരുവഴിയിലായി.

നാൽപ്പതോളം വിദ്യാർത്ഥികൾ ഒരേ ബസിൽ തന്നെ കയറുന്നു. വിദ്യാർത്ഥികളെകൊണ്ട് ബസ് നിറയുന്നത് കാരണം മറ്റ് യാത്രക്കാർക്ക് കയറാൻ സാധിക്കുന്നില്ല. വിദ്യാർത്ഥികൾ സീറ്റുകൾ കൈയേറുന്നു. ഇത് സാമ്പത്തികനിലയെ സാരമായി ബാധിക്കുന്നുവെന്നും ബസ് ജീവനക്കാർ പറയുന്നു.

അതേസമയം, ഒരാഴ്ച മുൻപ് സിഗ്‌മ എന്ന ബസ് ജീവനക്കാർക്കെതിരെ കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സമരമെന്നാണ് വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും ആരോപിക്കുന്നത്. വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയെന്നപേരിലായിരുന്നു സിഗ്‌മ ബസിനെതിരെ നടപടിയെടുത്തത്. പ്രതിഷേധം സംബന്ധിച്ച് വൈകുന്നേരത്തോടെ ചർച്ചയുണ്ടാകുമെന്നാണ് വിവരം.