
ചാമ്പ്യൻസ് ലീഗ് : ലിവർപൂൾ 7-1ന് റേഞ്ചേഴ്സിനെ തകർത്തു
സലയ്ക്ക് അതിവേഗ ഹാട്രിക്ക്, ബാഴ്സയ്ക്ക് ഇന്ററിനെതിരെ സമനിലക്കുരുക്ക്
ഗ്ലാസ്ഗോ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് ഗംഭീര ജയം. മുഹമ്മദ് സല ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്രവും വേഗമേറേയ ഹാട്രിക്ക് നേടിയ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ലിവർപൂൾ 7-1ന് സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ ഗോൾമഴയിൽ മുക്കി. ആദ്യം ഗോൾ വഴങ്ങിയ ശേഷമായിരുന്നു റേഞ്ചേഴ്സിന്റെ വലയിൽ ലിവർപൂളിന്റെ ഗോളടിമേളം. റോബർട്ടോ ഫിർമിനോ ഇരട്ടഗോളുകൾ നേടി. ഡാർവിൻ ന്യൂനസ് ഹാർവി എലിയട്ട് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. സ്കോട്ട് അർഫീൽഡാണ് റേഞ്ചേഴ്സിന്റെ ഏക ഗോൾ സ്കോറർ. ലിവറിന്റെ ആറ് ഗോളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
68-ാം മിനിട്ടിൽ ന്യൂനസിന്റെ പകരക്കാരാനായി കളത്തിലെത്തിയ സല 75,80,81 മിനിട്ടുകളിലാണ് റേഞ്ചേഴ്സിന്റെ വലകുലുക്കിയത്. 6 മിനിട്ട് 12 സെക്കൻഡിലാണ് സലയുടെ ഹാട്രിക്ക് പിറന്നത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വേഗമേറിയ ഹാട്രിക്ക് എന്ന റെക്കാഡ് പകരക്കാരനായി കളത്തിലെത്തിയ സല തന്റെ പേരിലെഴുതിച്ചേർത്തു. ഒളിമ്പിക് ലിയോൺ തരമായിരുന്ന ബഫെറ്റെംപി ഗോമസ് 2011ൽ ഡൈനാമോ സാഗ്രബിനെതിരെ 8 മിനിട്ടിൽ കുറിച്ച ഹാട്രിക്കായിരുന്നു ഇതുവരയുള്ള റെക്കാഡ്. 17-ാം മിനിട്ടിൽ അർഫീൽഡ് ലിവറിനെ ഞെട്ടിച്ച് സ്വന്തം തട്ടകത്തിൽ റേഞ്ചേഴ്സിന് ലീഡ് നേടിക്കൊടുത്തു. 24-ാം മിനിട്ടിൽ ഫിർമിനോയിലൂടെ സമനിലപിടിച്ച ലിവർ രണ്ടാം പകുതിയിൽ സംഹാര താണ്ഡവമാടുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയാക്സിനെ രണ്ടിനെതിരെ നാല്ഗോളുകൾക്ക് കീഴടക്കി നാപ്പൊളി നോക്കൗട്ട് റൗണ്ടിലെത്തി. കളിച്ച നാല് മത്സരങ്ങലും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള നാപ്പാെളിക്ക് 12 പോയിന്റാണ് ഉള്ളത്. 9 പോയിന്റുള്ള ലിവർ രണ്ടാമതാണ്. അടുത്ത മത്സരത്തിൽ അയാക്സിനെതിരെ തോൽക്കാതിരുന്നാൽ ലിവർപൂളിന് നോക്കൗട്ട് ഉറപ്പിക്കാം.
മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് സിയിൽ വിക്ടോറിയ പ്ലാസനെ 4-2ന് വീഴ്ത്തി ബയേൺ മ്യൂണിക്കും നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തു. ഗോരറ്റ്‌സ്ക ഇരട്ടഗോൾ നേടിയ മത്സരത്തിൽ മാനേ, മുള്ളർ എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു. ആദവും ക്ലിമന്റുമാണ് വിക്ടോറിയയ്ക്കായി ഗോൾ മടക്കിയത്. കളിച്ച നാല് മത്സരങ്ങലും ബയേൺ ജയിച്ചു. അതേസമയം ഇന്റർ മിലാനോട് 3-3ന്റെ സമനിലയിൽ കുരുങ്ങിയതോടെ ബാഴ്സലോണയുടെ നോക്കൗട്ട് പ്രതീക്ഷകൾ മങ്ങി. കാമ്പ് നൂവിൽ രണ്ടാം പകുതിയുടെ അധിക സമയത്ത് റോബർട്ട ലെവൻഡോവ്സ്കി നേടിയ ഗോളാണ് തോൽവിയിൽ നിന്ന് ബാഴ്സയെ രക്ഷിച്ചത്. ലെവൻഡോവ്സ്കി രണ്ടും ഡെംബലെ ഒരു ഗോളും നേടി. ബരേല്ല, മാർട്ടിനസ്,ഗോസൻസ് എന്നിവരാണ് ഇന്ററിനായി ഗോളടിച്ചത്. 4 മത്സരത്തിൽ നിന്ന് 7 പോയിന്റുള്ള ഇന്ററാണ് ഗ്രൂപ്പിൽ രണ്ടാമത്. 4 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള ബാഴ്സയ്ക്ക് നോക്കൗട്ടിലെത്തണേൽ അദ്ഭുതങ്ങൾ സംഭവിക്കണം.