
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലിക്കേസിലെ പ്രധാന പ്രതിയായ ഷാഫിക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് പെൺകുട്ടികളെ കേസിലെ മറ്റൊരു പ്രതിയായ ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായി ഇയാൾ മൊഴി നൽകി. ഭഗവൽ സിംഗിനെയും ലൈലയെയും ചോദ്യം ചെയ്തതിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുള്ള ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികളെ ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചതായാണ് ഭഗവൽ സിംഗിനെയും ലൈലയെയും ചോദ്യം ചെയ്തതിൽ നിന്ന് വിവരം ലഭിച്ചത്. പിന്നാലെ ഷാഫിയെ കൂടുതൽ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടികളെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് മൊഴി നൽകിയത്. ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടായിരുന്നതായും മൊഴിയിൽ പറയുന്നു.
എറണാകുളം ഷേണായീസ് തിയേറ്ററിന് സമീപത്തായി ഷാഫി ഹോട്ടൽ നടത്തിയിരുന്നു. നഗരം കേന്ദ്രീകരിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും ഇയാൾ വശത്താക്കിയിരുന്നതായാണ് പൊലീസ് മനസിലാക്കുന്നത്. ഇത്തരത്തിൽ തന്റെ കൃത്യങ്ങൾക്ക് ഉപയോഗിക്കത്തക്കവണ്ണം ഇവരുമായി ഇയാൾ ബന്ധപ്പെടുകയും ചെയ്തുവെന്നും പൊലീസ് വിലയിരുത്തുന്നു.