
ന്യൂയോർക്ക്: അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യമായ ആർട്ടെമിസ് -1 നവംബർ 14ന് വിക്ഷേപിക്കും. ഇന്ത്യൻ സമയം രാവിലെ 9.37 മുതലുള്ള 69 മിനിറ്റിനുള്ളിൽ വിക്ഷേപിക്കാനാണ് ശ്രമം.
വിക്ഷേപണം വിജയിച്ചാൽ ദൗത്യത്തിനുപയോഗിക്കുന്ന എസ്.എൽ.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) ആളില്ലാ പേടകമായ ഒറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. തുടർന്ന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണം പൂർത്തിയാക്കി ഒറിയോൺ ഡിസംബർ 9ന് പസഫിക് സമുദ്രത്തിൽ പതിക്കും. വിക്ഷേപണ ശ്രമം പരാജയപ്പെട്ടാൽ നവംബർ 16നും 19നും ശ്രമം നടത്തുമെന്നും നാസ അറിയിച്ചു.
സെപ്തംബർ 27ന് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഇയാൻ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ആഗസ്റ്റ് 29, സെപ്തംബർ 3 തീയതികളിൽ നടത്തിയ വിക്ഷേപണ ശ്രമം സാങ്കേതിക തകരാറിനെ തുടർന്നു മാറ്റിയിരുന്നു.