kk

തിരുവനന്തപുരം: സുഹൃത്തായ അദ്ധ്യാപികയെ ഉപദ്രവിച്ചെന്ന കേസിൽ പെരുമ്പൂാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗക്കുറ്റവും ചുമത്തി. യുവതിയെ മർദ്ദിച്ചുവെന്ന പരാതിയിലായിരുന്നു നേരത്തെ കോവളം പൊലീസ് കേസെടുത്തത്. എന്നാൽ കേസ് ഒതുക്കിതീർക്കാൻ കോവളം സി.ഐ കൂടി ഇടപെട്ടെന്ന യുവതിയുടെ പരാതിയെ തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കേസിൽ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ യുവതി നൽകിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് എം.എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ വകുപ്പുകൾ ചുമത്തിയത്.

ഉടൻതന്നെ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും, ബലാത്സംഗകുറ്റം ചുമത്തിയ സാഹചര്യത്തിൽ എം.എൽ.എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ്ചെയ്യേണ്ടി വരും. ഇതിനായി സ്പീക്കറെ അന്വേഷണ സംഘം സമീപിക്കും. സ്പീക്കറുടെ അനുമതിയോടെയായിരിക്കും തുടർനടപടികൾ. ഇതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം എൽദോസ് കുന്നപ്പിള്ളിൽ ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കുന്നുണ്ട്.