heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് വ്യാഴാഴ്ച ഇടുക്കി,​ വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർവരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ പത്തനംതിട്ട,​ ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട,​ ഇടുക്കി,​ കോഴിക്കോട്,​ വയനാട് ,​ ഞായറാഴ്ച പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ പാലക്കാട്,​ തിങ്കളാഴ്ച പത്തനംതിട്ട,​ ഇടുക്കി,​ മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കേരള,​ കർണാടക,​ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ,​ ശ്രീലങ്കൻ തീരത്തോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു.