corporation-staff

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ദീപാവലിയോടനുബന്ധിച്ച് ബോണസ് നൽകാത്തതിന് പ്രതികാരമായി സ്ഥാപനത്തിന് മുന്നിൽ കോർപ്പറേഷൻ തൊഴിലാളി മാലിന്യം വാരിവിതറിയതായി പരാതി. ദീപാവലിയ്ക്ക് നൽകി വരാറുള്ള ബോണസെന്ന രീതിയിൽ അറിയപ്പെടുന്ന കൈനീട്ടത്തെക്കുറിച്ചുണ്ടായ തർക്കമാണ് കോർപ്പറേഷൻ ശുചീകരണ തൊഴിലാളിയെ ചൊടിപ്പിച്ചത്. തുടർന്ന് പ്രതികാരമെന്നോണം ഇയാൾ ആര്‍. എസ്. പുരം രാമചന്ദ്ര റോഡിലെ ജെയിംസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്കല്‍ ഷോപ്പിലെ ഷട്ടറിന് മുന്നിൽ മാലിന്യങ്ങൾ വാരി വിതറുകയായിരുന്നു

ഒക്ടോബർ നാലിന് കോർപ്പറേഷനിൽ ശുചീകരണ ജോലി ചെയ്യുന്ന യുവാവ് ജെയിംസിന്റെ കടയിലെത്തി ദീപാവലിയ്ക്ക് ബോണസായി 500 രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇരുപതാം തീയതി തുക നൽകാം എന്ന് പറഞ്ഞതോടെ ഉടനെ തന്ന പണം ലഭിക്കണം എന്നു പറഞ്ഞ് ഇയാൾ ജെയിംസുമായി വാഗ്വാദത്തിലേർപ്പെട്ടു. സംഭവത്തിന്റെ പിറ്റേന്ന് രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മാലിന്യം ഷട്ടറിന് മുന്നിൽ കുന്നുകൂട്ടി ഇട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ബോണസ് ആവശ്യപ്പെട്ട് തർക്കിച്ച കോർപ്പറേഷൻ തൊഴിലാളിയാണ് കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ബോണസിനെ കുറിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇതിന് മുൻപും വ്യാപാരികൾക്ക് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ളതായി ജെയിംസ് പറഞ്ഞു. ശുചീകരണ തൊഴിലാളിയ്‌ക്കെതിരെ കോയമ്പത്തൂർ നഗരസഭയിൽ ജെയിംസ് പരാതി നൽകിയിട്ടുണ്ട്.