
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ സൈനിക ബസിൽ ഉണ്ടായ സ്പോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. സ്പോടനത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സിറിയയിൽ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിച്ചു. ഫെബ്രുവരിയിൽ സമാനമായ സ്‌ഫോടനത്തിൽ ഒരു സിറിയൻ സെെനികൻ കൊല്ലപ്പെട്ടിരുന്നു. വിമത പക്ഷം കൈയടക്കിയ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ സിറിയൻ സെെന്യത്തിന് കഴിഞ്ഞിട്ടുണ്ട്. മാർച്ചിൽ മദ്ധ്യ സിറിയയിലെ പാൽമിറയ്ക്ക് സമീപം സെെനിക ബസിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 13 സെെനികർ കൊല്ലപ്പെട്ടിരുന്നു.തെക്കൻ മദ്ധ്യസിറിയയിൽ സജീവമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സർക്കാർ ആരോപിച്ചിരുന്നു.