jj

പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെയെന്ന് സ്ഥിരീകരണം. പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ബന്ധുക്കളേത് ഉൾപ്പെടെയുള്ള ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു. സാമ്പിളുകൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും.

മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം മൃതദേഹാവശിഷ്ടങ്ങൾ നാളെ പൊലീസിന് വിട്ടുകൊടുക്കും.

അതേസമയം കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി നരബലി ആസൂത്രണം ചെയ്യാൻ തയ്യാറാക്കിയ ശ്രീദേവി എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലെ മൂന്ന് വർഷത്തെ സംഭാഷണങ്ങൾ പൊലീസ് വീണ്ടെടുത്തു. ഇതേ അക്കൗണ്ടിലൂടെ മറ്റ് ആരെയെങ്കിലും ഇയാൾ സമീപിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സൈബർ വിദഗ്ധരുടെ സഹായം ഇതിനായി ചോദ്യം ചെയ്യലിൽ ഉപയോഗിക്കും. 12 ദിവസത്തെ കസ്റ്റഡി കാലയളവിൽ പ്രതികൾ കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടോ എന്ന വിവരങ്ങൾ ശേഖരിക്കും. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ പ്രത്യേക സംഘം തയ്യാറാക്കി. ഇലന്തൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ത്രീകളുടെ തിരോധാനവും പരിശോധിക്കുന്നുണ്ട്. എറണാകുളം, പത്തനംതിട്ട, കോട്ടയം അടക്കമുള്ള മൂന്ന് ജില്ലകളിലെ കേസുകൾ പ്രത്യേകം പരിശോധിക്കാൻ എ.ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.