
മോസ്കോ : യുക്രെയിൻ നാറ്റോയിൽ അംഗമായാൽ മൂന്നാം ലോക മഹായുദ്ധമായിരിക്കും ഫലമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടർ വെനെഡിക്‌റ്റോവിന്റെ മുന്നറിയിപ്പ്. റഷ്യൻ വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അലക്സാണ്ടറുടെ പ്രതികരണം.
ഇത് യുക്രെയിന് വ്യക്തമായി അറിയാമെന്നും യുക്രെയിനെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങളാണ് സംഘർഷങ്ങൾക്ക് പ്രധാന കാരണമെന്നും അലക്സാണ്ടർ കൂട്ടിച്ചേർത്തു. നാറ്റോയിലേക്ക് അതിവേഗ അംഗത്വത്തിനായി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ മാസം അവസാനമാണ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞത്.
എന്നാൽ, 30 അംഗരാജ്യങ്ങളുടെയും അംഗീകാരം ലഭിച്ചാൽ മാത്രമേ യുക്രെയിന്റെ അപേക്ഷയ്ക്ക് മേലുള്ള നടപടിക്രമങ്ങൾ നാറ്റോ അധികൃതർ ആരംഭിക്കുകയുള്ളൂ.