posco-act

കണ്ണൂർ: പ്ളസ് ടൂ വിദ്യാർത്ഥിനിയ്ക്ക് അശ്ശീല വീഡിയോ അയച്ച അദ്ധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയായ സജീഷാണ് (39) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കായികാദ്ധ്യാപകനായ ഇയാൾ വാട്ട്സാപ്പ് വഴിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് അശ്ശീല സന്ദേശമയച്ചത്. ആത്മഹത്യാ ശ്രമത്തിന് ശേഷം പ്രതിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഇയാൾ ഒളിവിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രതി വിദ്യാർത്ഥിനിയുടെ ഉപയോഗത്തിലുള്ള മാതാവിന്റെ ഫോണിലേയ്ക്ക് അശ്ശീല വീഡിയോ അയച്ചത്. പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചതോടെ സ്കൂളിലെത്തി പ്രിൻസിപ്പാളിന് പരാതി നൽകുക ആയിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചു . പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കേസിനെക്കുറിച്ച് വിവരം ലഭിച്ച പ്രതി ഉടനെ തന്നെ ഒളിവിൽ പോയി. പിന്നീട് ചെറുകുന്നിലുള്ള ഒരു കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അദ്ധ്യാപകൻ മാടായിപ്പാറയിൽ ഉണ്ടെന്ന വിവരം ലഭിച്ച പൊലീസ് ബുധനാഴ്ച രാത്രിയോടെ ഇയാളെ പിടികൂടുകയായിരുന്നു.

സി പി എം പ്രവർത്തകനായ പ്രതി മുൻ കായിക മന്ത്രി ഇ പി ജയരാജന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. ഇയാളെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ പിരിച്ചു വിടുകയായിരുന്നു. അദ്ധ്യാപക സംഘടന ഭാരവാഹിയായ പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കാൻ ഉന്നതതല സമ്മർദ്ദമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിൽ വിട്ടു.