
പ്രായം കൂടുന്തോറും വീഞ്ഞിന് വീര്യം കൂടും എന്നു പറയുന്നത് പോലെയാണ് പുരാവസ്തുക്കളുടെ കാര്യം. പുരാ വസ്തുവിന് എത്രയേറെ കാലപ്പഴക്കമുണ്ടോ അത്രയ്ക്ക് തന്നെ അതിന്റെ മൂല്യവും വർധിക്കുന്നു. പഴക്കമേറിയ പെയിന്റിംഗുകളും വിവിധ തരം പുരാവസ്തുക്കളും കോടിക്കണക്കിന് രൂപയുടെ ലേലത്തുകയ്ക്ക് വിറ്റു പോയ വാർത്തകൾ കൗതുകത്തോടെ തന്നെ നമ്മളിൽ പലരും കേട്ടിട്ടുമുണ്ട്. എന്നാൽ അടുത്തിടെ നടന്ന ഒരു ലേലത്തിന് വിറ്റ് പോയ പുരാവസ്തുവും അതിന്റെ ലേലത്തുകയും കണ്ട് അമ്പരപ്പിലാണ് സൈബർ ലോകം.
ന്യൂ മെക്സിക്കോയിൽ ഒക്ടോബർ മാസം ഒന്നാം തീയതി നടന്ന ലേലത്തിലെ താരം ഒരു ജീൻസ് ആയിരുന്നു. കാണാൻ അത്ര ഭേദപ്പെട്ട നിലയിലല്ലാത്ത ചുളിവുകളും അഴുക്കും നിറഞ്ഞ ഒരു ജീൻസ്. പക്ഷേ ഈ ജീൻസ് വിറ്റ് പോയ ലേലത്തുക അറിയുമ്പോൾ ആളത്ര നിസാരനല്ല എന്ന് എല്ലാവർക്കും മനസ്സിലാകും. 72,000 അമേരിക്കൻ ഡോളറിന് അതായത് 62 ലക്ഷം രൂപയ്ക്കായിരുന്നു ജീൻസിനെ 'കെയിൻ ഹൂപേർട്ട്' എന്ന 23-കാരൻ സ്വന്തമാക്കിയത്. കൃത്യമായി പറഞ്ഞാൽ
62,46,504 രൂപ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ജീൻസ് എന്ന ലേബലിലാണ് നിസാരനല്ലാത്ത ജീൻസ് ഇത്രയും വലിയ വിലയ്ക്ക് വിറ്റു പോയത്.
റേഡിയോയും വിമാനവുമൊക്കെ കണ്ടു പിടിക്കുന്നതിന് മുൻപേയുള്ള, നൂറിലധികം വർഷം പഴക്കമുള്ള ലിവൈസ് കമ്പനിയുടെ ജീൻസ് അമേരിക്കയിലെ പുരാതനമായ ഖനിയിൽ നിന്നാണ് കണ്ടെത്തിയത്. അടച്ചു പൂട്ടിയ ഖനിയിൽ നിന്നാണ് കണ്ടെടുത്തതെങ്കിലും ലിവൈസിന്റെ വൺ പോക്കറ്റ് ബക്കിൾ ജീൻസിന് പഴക്കത്തിനൊത്ത കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് തന്നെ പറയാം.
ബട്ടണുകളിൽ തുരുമ്പെടുത്തെങ്കിലും വേറെ കേടുപാടുകളില്ലാത്ത വിശ്വ വിഖ്യത ജീൻസിന്റെ ചിത്രം ഹൂപേർട്ട് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്തിട്ടുണ്ട്. ജീൻസിനായി ഇത്രയും ലക്ഷം മുടക്കിയതിന് പ്രത്യേകിച്ച് കാരണമൊന്നും വെളിപ്പെടുത്താത്ത ഹാപ്പർ ജീൻസ് സ്വന്തമാക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണ് എന്ന അടിക്കുറിപ്പാണ് പോസ്റ്റിന് നൽകിയിരിക്കുന്നത്.