
തിരുവനന്തപുരം: പെരുമ്പാവൂരിലെ വീട്ടിൽ കൊണ്ടുപോയി എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ പീഡിപ്പിച്ചെന്ന് പരാതിക്കാരിയുടെ മൊഴി. എട്ട് മണിക്കൂറോളം സമയമെടുത്ത് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. എം.എൽ.എ തന്റെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയതായും യുവതി മൊഴി നൽകി. നേരത്തെ കോടതിയിൽ നൽകിയ മൊഴിയിലും യുവതി പീഡനാരോപണം ഉന്നയിച്ചിരുന്നു.
എം.എൽ.എ ഹോസ്റ്റലിലേക്ക് വിളിച്ചുവെങ്കിലും പോയിരുന്നില്ല. കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. എം.എൽ.എയുമായി നേരത്തെ പരിചയമുണ്ടെന്നും ഇക്കഴിഞ്ഞ ജൂലായ് മുതൽ അടുത്ത ബന്ധത്തിലായെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തി. വീട്ടിൽ കയറിയും പുറത്തുകൊണ്ടുപോയും ഉപദ്രവിച്ചുവെന്നും യുവതി പൊലീസിൽ മൊഴി നല്‍കി.
തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റംകൂടി ചുമത്തിയിരുന്നു. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നേരത്തെ ജാമ്യമില്ലാ വകുപ്പുകൾപ്രകാരം കേസെടുത്തിരുന്നു.
അതേസമയം, അന്വേഷണസംഘത്തിന് എം.എൽ.എയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എം.എൽ.എ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് . എം.എൽ.എയുടെ പി.എയുടേയും സുഹൃത്തിന്റേയും ഫോണുകളും സ്വിച്ച് ഓഫാണ്. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം അന്വേഷണസംഘം തുടരുന്നുണ്ട്. കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
അതിനിടെ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ കോവളം സ്റ്റേഷനിലെ എസ്.എച്ച്.ഒയായിരുന്ന ജി. പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ എ.സി.പി ദിനിലിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞദിവസം പ്രൈജുവിനെ കോവളത്തുനിന്ന് സ്ഥലംമാറ്റിയിരുന്നു.