
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർ ട്രോമാ കെയർ, പാലിയേറ്റീവ് കെയർ സെന്ററുകളിൽ മൂന്നു ദിവസം നിർബന്ധിത സാമൂഹിക സേവനം ചെയ്യേണ്ടിവരും. പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്യൽ എന്നിവയ്ക്ക് പുറമേയാണിത്. മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിന്റേതാണ് തീരുമാനം.
എടപ്പാളിലെ ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ മൂന്ന് ദിവസ പരിശീലനവും നൽകിയിട്ടേ ലൈസൻസ് പുനഃസ്ഥാപിക്കൂ. മോട്ടോർ വാഹന നിയമം ലംഘിക്കുന്ന കോൺട്രാക്ട് കാര്യേജുകൾ, റൂട്ട് ബസുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയിലെ ഡ്രൈവർമാരേയും പരിശീലനത്തിന് അയയ്ക്കും.
നിയമവിരുദ്ധമായി ഹോൺ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകും. അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാരും കുടുങ്ങും.
ഒരാഴ്ചയ്ക്കിടെ
 253 ടൂറിസ്റ്റ് ബസുകളിൽ രൂപമാറ്റം കണ്ടെത്തി
 വേഗപ്പൂട്ടില്ലാത്ത 414 വാഹനങ്ങൾക്കെതിരെ നടപടി
 2792 വാഹനങ്ങളിൽ അനധികൃത ലൈറ്റുകൾ
 75.73 ലക്ഷം രൂപ പിഴ ഈടാക്കി. 4472 കേസ്
 263 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി
 7 വാഹന രജിസ്‌ട്രേഷൻ, 108 ലൈസൻസ് റദ്ദാക്കി